മാവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോവി നെറ്റ് എന്ന പേരിൽ വെബ് സൈറ്റുമായി മാവൂർ ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് പ്രവർത്തനങ്ങൾക്ക് മാത്രമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം വെബ്സൈറ്റ് ഒരുക്കുന്നത്. വെബ്സൈറ്റ് ലോഞ്ചിംഗ് ജില്ലാ കളക്ടർ സാംബശിവറാവു നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൻറെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ജില്ലാ കളക്ടർ പ്രത്യേകം അഭിനന്ദിച്ചു. മറ്റുള്ള പഞ്ചായത്തുകൾക്ക് ഇത് മാതൃകയാവുന്ന രീതിയിൽ മികച്ചതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മഹാമാരിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തും സർക്കാറുകളും നല്‍കുന്ന വാർത്തകളും നിർദ്ദേശങ്ങളും യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുക, കൺട്രോൾ റൂമിന്‍റെ പ്രവർത്തനം ഏകോപിപ്പിക്കുക, എന്നിവയാണ് വെബ്സൈറ്റ് കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഈ സമയത്ത് ആധികാരികമായ വാർത്തകൾ യഥാസമയം പൊതു സമൂഹത്തിലേക്ക് എത്തിക്കാൻ വെബ്സൈറ്റ് കൊണ്ടും സാധിക്കും.പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്‍റെ സേവനങ്ങളെ പറ്റി നിർദ്ദേശങ്ങൾ നൽകാനും സാധിക്കും. കൊവിഡുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, യഥാസമയം ഇറങ്ങുന്ന സർക്കാർ ഉത്തരവുകളും നിർദ്ദേശങ്ങളും, ആർ.ആർ.ടി മെമ്പർമാരുടെ വിവരങ്ങൾ, ഡോക്ടർമാരുടെ സേവനങ്ങൾ, മെഡിക്കൽ ഷോപ്പുകൾ, വാഹനങ്ങൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ സേവനങ്ങളും വെബ്സൈറ്റ് മുഖേനെ ലഭ്യമാകും. www.mavoorpanchayath.com എന്ന ലിങ്ക് മുഖേനെ വെബ്സൈറ്റിൽ പ്രവേശിക്കാവുന്നത്. പ്രസിഡന്റ് ഉമ്മർ മാസ്റ്റർ, കെ.എം അപ്പുകുഞ്ഞാൻ, ടി.രജ്ഞിത്ത്, ടെക്‌നിക്കൽ അസിസ്റ്റന്റ് റാഷിദ്, കോ-ഓർഡിനേറ്റർ ഒ.എം നൗഷാദ്, കോഡ്സാപ്പ് സി.ഇ.ഒ റാഷിദ് ടി എന്നിവർ സന്നിഹിതരായിരുന്നു. കോഴിക്കോട് യു.എൽ സൈബർ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡ്സാപ്പ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് വെബ്സൈറ്റ് വികസപ്പിച്ചെടുത്തത്.