kunnamangalam-news
അന്നം മുടങ്ങില്ല... കുന്ദമംഗലത്ത് ദീർഘദൂര ലോറികളിലെ ജീവനക്കാർക്കുള്ള പൊതിച്ചോർ വിതരണത്തിനിടെ നൗഷാദ് തെക്കെയിലും കൂട്ടുകാരും

കുന്ദമംഗലം: ലോക്ക് ഡൗൺ തുടരുന്നതിനിടെ വഴിയിലൊന്നും ഭക്ഷണം കിട്ടാതെ ഓട്ടം തുടരേണ്ടി വരുന്ന ദീർഘദൂര ലോറി ജീവനക്കാർക്ക് ആശ്വാസമായി കുന്ദമംഗലത്ത് സന്നദ്ധപ്രവർത്തകരുടെ പൊതിച്ചോർ വിതരണം. ദിവസവും കുറേയേറെ പേരുടെ വിശപ്പകറ്റാൻ കഴിയുന്നുണ്ട് ഈ കൂട്ടായ്മയ്ക്ക്.

കുന്ദമംഗലത്ത് പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തായാണ് സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കെയിലിന്റെ നേതൃത്വത്തിൽ സൗജന്യമായി ഭക്ഷണവും കുടിവെള്ളവും നൽകിവരുന്നത്. കഴിഞ്ഞ വ‌ർഷം സമ്പൂർണ ലോക്ക് ഡൗൺ വേളയിലും ലോറി ജീവനക്കാ‌ർക്ക് ഇങ്ങനെ ഭക്ഷണം വിതരണം ചെയ്തിരുന്നു.

അയൽസംസ്ഥാനങ്ങളിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ചരക്കുമായി പോകുന്ന ദീർഘദൂര ലോറികൾ കൈകാണിച്ച് നിറുത്തി ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ചാണ് പൊതിച്ചോർ വിതരണം. ഇതിനു പുറമെ, തെരുവോരങ്ങളിൽ കഴിയുന്നവർക്കും വീട്ടിൽ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർക്കും മറ്റും ഭക്ഷണം എത്തിച്ച് നൽകുന്നുമുണ്ട് ഇവർ.

സമ്പൂർണ ലോക്ക് ഡൗണിൽ ഒട്ടെല്ലാ മേഖലകളും മരവിച്ച അവസ്ഥയിൽ തുടരുമ്പോൾ, പ്രയാസമനുഭവിക്കുന്ന ആയിരത്തോളം ഭിന്നശേഷിക്കാരുടെ വീടുകളിലേക്ക് ഭക്ഷണക്കിറ്റ് എത്തിക്കുന്ന കാരുണ്യപ്രവൃത്തിയും നൗഷാദിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ ചെയ്തുവരുന്നുണ്ട്.