mukkam

മുക്കം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ അദ്ധ്യയന വർഷവും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ തന്നെയാകും ആശ്രയം. സ്‌കൂളുകളുടെ ഓൺലൈൻ ക്ലാസുകൾകൂടി വേണമെന്ന് നിർദ്ദേശമുണ്ടെങ്കിലും എത്രത്തോളം ഫലവത്താകുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിൽ മുക്കത്തിനടുത്തെ പന്നിക്കോട് എ.യു.പി സ്‌കൂൾ പുതിയ വിദ്യാർത്ഥികളെ വരവേൽക്കാനും പരിചയപ്പെടുന്നതിനും പുതിയ മാർഗം സ്വീകരിച്ചിരിക്കുകയാണ്. അഞ്ചാം ക്ലാസിലേക്ക് ഇത്തവണ പ്രവേശനം നേടിയവരുൾപ്പെടെ നൂറോളം പേർ പങ്കെടുത്ത ഓൺലൈൻ മീറ്റും പരിചയപ്പെടലുമാണ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായത്. ഓൺലൈൻ മീറ്റിൽ എന്തെങ്കിലും കാരണത്താൽ പങ്കെടുക്കാൻ സാധിക്കാത്തവരെ അദ്ധ്യാപകർ നേരിട്ട് വിളിച്ചും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പാഠ്യ,പാഠ്യേതര വിഷയങ്ങളിൽ ജില്ലയിൽ മുൻ നിരയിൽ സ്ഥാനം നേടിയ നിരവധി പ്രവർത്തനങ്ങൾ നടത്തിയ സ്‌കൂളിന്റെ ഈ പ്രവർത്തനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഓൺലൈൻ മീറ്റ് സി. കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീർ പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക വി.പി. ഗീത, മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, പി. സെയ്ത്, റസീന മജീദ്, ടി.കെ. ജാഫർ, അദ്ധ്യാപകരായ ഗൗരി, ശങ്കരൻ, ഉണ്ണികൃഷ്ണൻ, സുഭഗ, സജിനി, പി.കെ. ഹഖീം, പി.പി. റസ്ല, രമ്യ സുമോദ്, സവ്യ, സജിത ശ്രീനു, സർജിന, രമേശ് തുടങ്ങിയവർ സംബന്ധിച്ചു.