varki-paikkada
അഡ്വ. വർക്കി പൈകട

കോഴിക്കോട്: മലബാറിലെ പ്രമുഖ അഭിഭാഷകൻ വർക്കി പൈകട (96) കോൺവെന്റ് റോഡിലെ വസതിയിൽ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് മാവൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.
പാലായിലെ പൈകട കുടുംബാംഗമാണ്. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിൽ നിന്ന് എം.എ യും മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടിയ ശേഷം 1956ൽ കേരളപ്പിറവി ദിനത്തിലാണ് കോഴിക്കോട് ബാറിൽ പ്രാക്ടീസ് ആരംഭിച്ചത്.

കുടിയേറ്റ – കാർഷിക ഭൂമി വ്യവഹാരങ്ങളിൽ കർഷകർക്ക് എന്നും അത്താണിയായിരുന്നു അഡ്വ. പൈകട. കേരള കോൺഗ്രസ് നേതാവ് പി.ടി ചാക്കോയുമായി അടുത്ത ബന്ധമായിരുന്നു. കോഴിക്കോട്ടെത്തിയ പി.ടി ചാക്കോയ്ക്കൊപ്പം കുറ്റ്യാടിയിലേക്ക് പോയതിനു പിറകെ അദ്ദേഹത്തിന്റെ അന്ത്യസമയത്തും കൂടെയുണ്ടായിരുന്നു. കെ.എം. മാണിയുമായും ആത്മബന്ധമായിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടറായി ഏറെക്കാലം പ്രവർത്തിച്ചു. കാലിക്കറ്റ് ബാർ അസോസിയേഷൻ, കോസ്‌മോപൊളിറ്റൻ ക്ലബ് എന്നിവയുടെ പ്രസിഡന്റായിരുന്നു. സാമൂഹിക – കായിക രംഗത്തും സജീവമായിരുന്ന അദ്ദേഹം മികച്ച ടെന്നീസ് കളിക്കാരൻ കൂടിയായിരുന്നു.

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ പി.ജെ. ജോസഫ് കൈനടിയുടെ സഹോദരി ‌പരേതയായ അമ്മിണിയാണ് ഭാര്യ. മക്കൾ: ഡോ.എലിസബത്ത് (ഗീത), ടെസ്സി. മരുമക്കൾ: ഡോ. ബാബു ജോർജ് വെള്ളാപ്പള്ളി (എടത്വാ), ടോണി കുരുവിള ആനത്താനം (കാഞ്ഞിരപ്പള്ളി).