pooja

@ പൂജാ സാധനങ്ങൾ

വിൽക്കുന്നവർക്കും

പ്രതിസന്ധി

കോഴിക്കോട്: ലോക്ക് ഡൗണിൽ പൂജ സ്റ്റോറുകൾ അടഞ്ഞതോടെ മരണാനന്തര ക്രിയകൾ മുടങ്ങുന്നു. അന്ത്യകർമ്മങ്ങൾക്ക് ആവശ്യമായ പട്ട്, രാമച്ചം, റീത്ത്,​ ക​ള​ഭം, കർപ്പൂരം, ചന്ദനത്തിരി, ഭസ്മം, നെയ്യ്, മലർ, കൽക്കണ്ടം, മ​റ്റ്​ പൂ​ജാ ​സാ​ധ​ന​ങ്ങ​ൾ തുടങ്ങിയവ ലഭിക്കാത്തതിനാൽ അന്ത്യകർമ്മം ചെയ്യാനാകാത്ത പ്രയാസത്തിലാണ് മരിച്ചവരുടെ ബന്ധുക്കൾ. ലോക്ക് ഡൗൺ വിലക്കുള്ളതിനാൽ സ്റ്റോറുകൾ തുറന്ന് സാധനങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് പൂജാ സ്റ്റോ‌ർ ഉടമകളും പറയുന്നു. നീണ്ട അടച്ചിടൽ പൂജാ സ്റ്റോർ ഉടമകളുടെ ജീവിതവും പ്രതിസന്ധിയിലാക്കി. ലോക്ക് ഡൗണിൽ ക്ഷേത്ര ദർശനം വിലക്കിയതോടെ പൂജാ സാധനങ്ങളെല്ലാം കെട്ടിപഴകുകയാണ്. സ്റ്റോറുടമകളുടെ പ്രതീക്ഷയായിരുന്നു ശബരിമല തീർത്ഥാടനം. മ​ണ്ഡ​ല​കാ​ല​ത്ത്​ ആ​വ​ശ്യം വ​രു​മെ​ന്ന്​ ക​രു​തി സൂ​ക്ഷി​ച്ച ഒ​ന്നു​പോ​ലും ചെ​ല​വാ​യി​ട്ടി​ല്ലെന്നും ആളുകൾ ചോദിക്കുന്ന സാധനങ്ങൾ എടുത്ത് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും തയ്യിൽ പൂജാ സ്റ്റോർ ഉടമ ഗുണപ്രസാദ് പറഞ്ഞു. ലോക്ക് ഡൗണിന്റെ ഒന്നാം ഘട്ടത്തിലും ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും മ​റ്റു​മു​ള്ള പൂ​ജ​സാ​ധ​ന​ങ്ങ​ളും പൂ​ക്ക​ളും വാ​ങ്ങാ​ൻ ആ​രു​മെ​ത്തിയിരുന്നില്ല. നാ​ട്ടി​ലെ പൂ​ക്ക​ൾ​ ഉപയോഗി​ച്ചാ​ണ്​ മിക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​ജ ന​ടന്നത്. നേരത്തെ ആ​യി​ര​ക്ക​ണ​ക്കി​ന്​ പേ​ർ പൂ​ജാ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ സ്ഥാ​ന​ത്താണ്​ ഇ​ന്ന്​ ആ​രും വ​രാ​ത്ത അ​വ​സ്​​ഥ​. പൂജാ സ്റ്റോറുകൾ അടഞ്ഞതോടെ നൂറു കണക്കിന് കുടുംബങ്ങളും പട്ടിണിയിലായി. തളി ക്ഷേത്രത്തിന് സമീപം മാത്രം പൂജാ സാധനങ്ങൾ വിൽക്കുന്ന 21 കടകളുണ്ട്. ജില്ലയിൽ ചെറുതും വലുതുമായ 500 ലധികം പൂജാ സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. കൊ​വി​ഡ്​ ഭീ​ഷ​ണി അ​വ​സാ​നി​ക്കാതെ പ്ര​തീ​ക്ഷ​യ്ക്ക്​ വ​ക​യില്ലെന്നാ​ണ്​ ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.