kovid-portal
കൊവിഡ് ജാഗ്രതാ പോർട്ടൽ

 പോർട്ടൽ സന്ദർശിച്ചത് 3 കോടിയിലധികം ആളുകൾ

കോഴിക്കോട്: കൊവിഡ് പോരാട്ടത്തിനായി കോഴിക്കോട് ജില്ല ഒരുക്കിയ കൊവിഡ് 19 ജാഗ്രതാ പോർട്ടൽ രാജ്യ ശ്രദ്ധയിൽ. ഓക്സിജൻ വിതരണത്തിനായി തയ്യാറാക്കിയ ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനമാണ് പോർട്ടലിന്റെ സ്വീകാര്യത കൂട്ടിയത്. 3, 2053521 പേരാണ് ഇതുവരെ പോർട്ടൽ സന്ദർശിച്ചത്.ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, മണിപ്പൂർ, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ ഓക്‌സിജൻ മൊഡ്യുൾ സംവിധാനം ഉപയോഗിക്കുന്നതിനായി എൻ.ഐ.സി കോഴിക്കോടുമായി ബന്ധപ്പെട്ടിരിക്കുകയാണ്. എൻ.ഐ.സിയുടെ സഹായത്തോടെ ഉത്തരാഖണ്ഡിൽ കോഴിക്കോടൻ മാതൃക നടപ്പാക്കി കഴിഞ്ഞു. ജില്ലാ കളക്ടർ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തിൽ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായാണ് 2020 മാർച്ച് 19ന് പോർട്ടൽ ആരംഭിച്ചത്.

സംസ്ഥാനത്തെ ഓക്‌സിജൻ ഉത്പാദന- വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്. നിർമ്മാതാക്കളാണ് ഈ വിവരം അപ്‌ഡേറ്റ് ചെയ്യുന്നത്. സംസ്ഥാനത്തെ ഓക്‌സിജൻ ലഭ്യത സംബന്ധിച്ച ഗ്രാഫിക്കൽ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യകേന്ദ്രങ്ങളിലെ ഓക്‌സിജൻ ലഭ്യത, സംഭരണം, ഉപയോഗം, 24 മണിക്കൂർ നേരത്തേക്കുവേണ്ട ഓക്‌സിജന്റെ ലഭ്യത എന്നീ വിവരങ്ങളും പോർട്ടലിലുണ്ട്. ഓക്‌സിജൻ ലഭ്യതക്കായി ആശുപത്രികൾക്കും മറ്റ് ആരോഗ്യകേന്ദ്രങ്ങൾക്കും നേരിട്ട് പോർട്ടൽ വഴി അപേക്ഷ നൽകാം. കൊവിഡുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഉൾപ്പെടുത്തി രൂപകല്പന ചെയ്ത ഈ പോർട്ടൽ രാജ്യത്തു തന്നെ ആദ്യത്തേതായിരുന്നു. ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികൾ സമർപ്പിക്കാനും പ്രശ്‌നപരിഹാരത്തിനുമായുള്ള ഓൺലൈൻ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷൻ വിപുലീകരിച്ചു. റൂം ക്വാറന്റൈനിലുള്ളവരുടെയും സമ്പർക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കൊവിഡ് കെയർ സെന്ററുകളുടെയും ആശുപത്രികളുടെയും മാനേജ്‌മെന്റ്, പരാതി പരിഹാരം, കൊവിഡ് ടെസ്റ്റിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി എല്ലാ ജില്ലകൾക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സമഗ്രമായ പകർച്ചവ്യാധി മാനേജ്മെന്റ് സംവിധാനമാണ് കൊവിഡ് ജാഗ്രത പോർട്ടൽ. ടെലി മെഡിസിൻ കൺസൾട്ടേഷൻ, ഓൺലൈൻ ഒ.പി. സംവിധാനം, ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാനും വിദഗ്ധചികിത്സ നിർദ്ദേശിക്കാനുമുള്ള സൗകര്യം, ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും ലഭ്യമാണ്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണവും ഫലവും രേഖപ്പെടുത്താനും രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ തിരിച്ചറിയുന്നതിനും പോർട്ടലിലൂടെ കഴിയും. സംസ്ഥാന- ജില്ലാ തല ഡാഷ്‌ ബോർഡുകൾ, ഹോസ്പിറ്റൽ ഹെൽത്ത് കെയർ, കൊവിഡ് ഐസിയുകളെ ബന്ധിപ്പിക്കുന്ന ഐ.സി.യു ഗ്രിഡ് സംവിധാനം തുടങ്ങിയവയും പോർട്ടലിൽ സജ്ജമാണ്.