കോഴിക്കോട് : കൊയിലാണ്ടി - താമരശ്ശേരി - മുക്കം - അരീക്കോട് - എടവണ്ണ റോഡിന്റ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് അഡ്വ. കെ.എം.സച്ചിൻദേവ് എം.എൽ.എ പറഞ്ഞു. ഉള്ള്യേരി പൊയിൽതാഴെ, ആനവാതിൽ, ഒള്ളൂർ സ്റ്റോപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പ്രശ്‌നത്തിനും ഇതോടെ പരിഹാരമാവും.
സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 235 കോടി രൂപയാണ് നവീകരണത്തിന് അനുവദിച്ചിട്ടുളളത്. ഡ്രെയ്‌നേജുകൾ പുതുക്കിപ്പണിതും വീതി കൂട്ടിയും കൈവേലി നിർമ്മിച്ചും റോഡ് ബി.എം ആൻഡ് ബി.സി പ്രവൃത്തിയിലൂടെ നവീകരിക്കും.
മഴ കനക്കുന്നതോടെ റോഡിലേക്ക് വെള്ളം കയറുന്ന പ്രദേശങ്ങൾ എം.എൽ.എ ഇന്നലെ സന്ദർശിച്ചു. നിലവിലെ എസ്റ്റിമേറ്റ് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത, വൈസ് പ്രസിഡന്റ് ബാലരാമൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആലങ്കോട് സുരേഷ് ബാബു, നാസർ ഒള്ളൂർ തുടങ്ങിയവരും എം.എൽ.എ യുടെ ഒപ്പമുണ്ടായിരുന്നു.