ചേളന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാണ് ചേളന്നൂർ 17ാം വാർഡ്. സന്നദ്ധ-രാഷ്ട്രീയ പ്രവർത്തകരെ കൂട്ടിയിണക്കി രൂപം നൽകിയ വാർഡ് തല ആർ.ആർ.ടി വോളണ്ടിയർമാർ ഇടവേളകളില്ലാതെ വീടുകൾ, പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കുകയാണ്. പൾസ് ഒക്‌സിമീറ്റർ, ആംബുലൻസ് സൗകര്യങ്ങൾ മരുന്നും ഭക്ഷണവും എത്തിക്കൽ തുടങ്ങി സേവനങ്ങൾ നിരവധി വേറെയും.
യൂത്ത് കെയർ, ജവഹർ ബാലവേദി, കെ.കെ.ബ്രദേഴ്സ്, സേവാഭാരതി, ജനശ്രീ തുടങ്ങി രാഷ്ട്രീയ പാർട്ടികളെയും എസ്.എൻ.ഡി.പി ഉൾപ്പെടെയുളള സമുദായ സംഘടനകളെയുമെല്ലാം കൊവിഡ് പ്രതിരോധത്തിൽ അണിനിരത്തിയതിന് പിന്നിൽ വാർഡ് മെമ്പറായ വി.എം. ഷാനിയുടെ അക്ഷീണ പ്രയത്നമുണ്ട്. ശ്രീനാരായണ ട്രസ്റ്റ് അംഗം സുരേന്ദ്രന്റെ മകൻ അഭിജിത്തിന്റെ നേതൃത്വത്തിൽ ശുചീകരണം, അണുവിമുക്തമാക്കൽ, മഴക്കാല കൊടുതി ദുരിതാശ്വാസ പ്രവർത്തനം , കൊവിഡ് ശവസംസ്‌ക്കാരം എന്നിവയെല്ലാം ഏറ്റെടുത്തു നടത്തുന്ന ഒരു വിദ്യാർത്ഥി- യുവജന കൂട്ടായ്മയും വാർഡിലുണ്ട്. വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ ഇമ്യൂൺ പ്രതിരോധ മരുന്ന് ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. കൂടാതെ ശ്വാസകോശ ക്ഷമതയ്ക്ക് യോഗാചാര്യ ഉണ്ണിരാമൻ മാസ്റ്ററുടെ സഹായത്തോടെ ഓൺലൈൻ യോഗ ക്ലാസും നടക്കുന്നു. ഹെൽത്ത് വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ ഡോ. നിത്യ, ഡോ. മുഹമ്മദ് മുസ്തഫ, ഡോ.ഭാഗ്യശ്രീ പ്രകാശ് ബാബു, എച്ച്.ഐ.അനുശ്രീ എന്നിവർ
ആരോഗ്യ കരുതലൊരുക്കി വാർഡിനൊപ്പം എന്നുമുണ്ട്.