കൊയിലാണ്ടി: വരകളുടെയും വർണങ്ങളുടെയും വിസ്മയക്കാഴ്ചകളൊരുക്കിയ പൂക്കാട് കലാലയം ഓൺലൈൻ ചിത്രപ്രദർശനം 'മായാജാലകം' തുടങ്ങി. ലോക്ക്ഡൗൺ കാലത്ത് കലാലയം വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും വ്യത്യസ്ത മാധ്യമങ്ങളിൽ രചിച്ച ചിത്രങ്ങളും ശിൽപ്പങ്ങളുമാണ് പ്രദർശനത്തിനെത്തുന്നത്.
പ്രശസ്ത ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ ദീപക് ഉദ്ഘാടനം ചെയ്തു. കലാലയം ചിത്ര വിദ്യാർത്ഥി സൂര്യകാന്ത് വരച്ച ചിത്രങ്ങളാണ് ആദ്യ ദിനം പ്രദർശനത്തിനെത്തിയത്. എല്ലാ ബുധനാഴ്ചയും ഏഴു മണിക്ക് പുതിയ ചിത്രകാരൻമാർ പ്രദർശന വേദിയിലെത്തും. 50 ചിത്രകാരന്മാർ പങ്കെടുക്കും. പൂക്കാട് കലാലയം പ്രസിഡന്റ് യു.കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി , ഇ.ശ്രീധരൻ മാസ്റ്റർ, ആർട്ടിസ്റ്റ് ഹാറുൾ അൽ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.ശ്രീനിവാസൻ സ്വാഗതവും കോ ഓർഡിനേറ്റർ ആർട്ടിസ്റ്റ് എ.കെ.രമേഷ് നന്ദിയും പറഞ്ഞു.