@കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
@ പൊതുജനങ്ങൾക്ക് പ്രവേശനമില്ല
വടകര: നീണ്ട അടച്ചിടലിനുശേഷം ചോമ്പാല ഹാർബർ ഇന്നു തുറക്കും. ആദ്യ ദിവസം പയ്യോളി മുതൽ മുട്ടുങ്ങൽ വരെയും രണ്ടാം ദിനം കല്ലിന്റവിട മുതൽ അഴിയൂർ വരെയുമുള്ള തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോകേണ്ടത്. ഹാർബറിൽ പ്രവേശിക്കുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതിനായി പ്രത്യേക പരിശോധനാ ക്യാമ്പ് ഇന്നും നാളെയും ഹാർബറിൽ നടക്കും. രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഹാർബറിന് പ്രവർത്തനാനുമതി. ലേലവും ചില്ലറ വില്പനയും അനുവദിക്കില്ല. പൊതുജനങ്ങൾക്ക് ഹാർബറിൽ പ്രവേശനമില്ല.
ക്രമീകരണങ്ങൾക്കായി ഹാർബറിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വി.കെ സുധീർ കിഷൻ, കോസ്റ്റൽ സി.ഐ കെ.പി ബൈജു, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ചോമ്പാൽ എസ്.ഐ കെ.വി ഉമേഷൻ, ഫിഷറീസ് നോഡൽ ഓഫീസർ കെ.വിനോദൻ , വാർഡ് മെമ്പർമാരായ കെ.ലീല, പി.കെ പ്രീത, സെക്ടറൽ മജിസ്ട്രേറ്റ് ആർ.രൂപേഷ്, വില്ലേജ് ഓഫീസർ ടി.പി റിനീഷ് കുമാർ, എച്ച്.ഇ.ഡി ചെയർമാൻ സന്തോഷ് കുമാർ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോസ് ബാബു എന്നിവർ പങ്കെടുത്തു. വില നിർണയിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു. സെക്ടറൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ വോളണ്ടിയർ ടീം ഹാർബറിൽ പ്രവർത്തിക്കും.