mask

കോഴിക്കോട്: സർജിക്കൽ മാസ്ക് ഉൾപ്പെടെ ആരോഗ്യരക്ഷാ ഉപകരണങ്ങൾക്ക് അമിതവില ഈടാക്കരുതെന്ന് സർക്കാരിന്റെ കർശനനിർദ്ദേശമുണ്ടായിട്ടും വിപണിയിൽ നിരക്കുകൾ തോന്നുംപടി തന്നെ. ആദ്യഘട്ടത്തിൽ താക്കീതിലൊതുക്കിയ നടപടിയ്ക്കു പിറകെ ഇപ്പോൾ കനത്ത പിഴ ചുമത്താൻ തുടങ്ങിയപ്പോഴും മാറ്റം പ്രകടമല്ല. നിബന്ധനകളൊക്കെ അതിന്റെ വഴിക്ക് എന്ന വെല്ലുവിളിയുടെ മട്ടിലാണ് മിക്കയിടത്തും മെഡിക്കൽ ഷോപ്പുകളിലൊക്കെ വില്പന. പുതുക്കിയ നിരക്കിൽ പോലും സർജിക്കൽ മാസ്കോ,​ എൻ 95 മാസ്‌കോ എങ്ങും കിട്ടാനില്ല.

ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയിൽ മിന്നൽ പരിശോധന തുടരുകയാണ്.

വലിയ മെഡിക്കൽ സ്റ്റോറുകളടക്കം നിരവധി സ്ഥാപനങ്ങൾ പരിശോധനയിൽ കുടുങ്ങിയിട്ടുണ്ട്.

രണ്ട് ഇൻസ്പെക്ട‌മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ജില്ലയിൽ പലയിടത്തായി ദിവസവും പരിശോധന നടത്തുന്നത്. കോഴിക്കോട്, വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ മാസ്കുമായി ബന്ധപ്പെട്ട് 7 കേസുകളെടുത്തു. പൾസ് ഓക്‌സിമീറ്റർ,​ പി.പി.ഇ കിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് 3 കേസുകളും.

മാസ്‌കിന് ഇനിയും വില കുറഞ്ഞിേല്ലേ എന്ന് ആരെങ്കിലും സംശയം ഉയർത്തിയാൽ ആ നിരക്കിൽ പുതിയ സ്റ്റോക്ക് ഇതുവരെ എത്തിയില്ലെന്നായിരിക്കും മെഡിക്കൽ ഷോപ്പുകാരുടെ മറുപടി. സർജിക്കൽ മാസ്‌കിന് ഇപ്പോഴും 10 രൂപ വാങ്ങുന്നവരാണ് കൂടുതലും. സാനിറ്റൈസ‌ർ അര ലിറ്ററിന് ഏറ്റവും ചുരുങ്ങിയത് 250 രൂപ കൊടുക്കണം. കൊള്ള തെല്ലെിങ്കിലും കുറവ് പി.പി.ഇ കിറ്റിന്റെ കാര്യത്തിൽ മാത്രം.

പൾസ് ഓക്‌സിമീറ്ററിന് പെട്ടെന്ന് ആവശ്യക്കാർ ഏറിയപ്പോൾ വില കുത്തനെ ഉയർന്നു. അതിനിടയ്ക്ക് വ്യാജന്റെ കുത്തൊഴുക്കും തുടങ്ങിയിരുന്നു.

#പിഴ 15,​000 മുതൽ
മാസ്‌കിന് വില കൂട്ടി വിറ്റാൽ 15,000 രൂപയാണ് പിഴ. സാനിറ്റൈസറിന്റെ കാര്യത്തിൽ 20,000രൂപയും. പിഴ അടച്ചില്ലെങ്കിൽ തടവ് ശിക്ഷ ഉറപ്പ്. കേസുകൾ കോടതിയിൽ എത്താനിടയാക്കാതെ പിഴയടച്ച് തടിയൂരുകയാണ് എല്ലാവരും.

പുതുക്കിയ നിരക്ക്


പി.പി.ഇ കിറ്റ് - 328 രൂപ, എൻ 95 മാസ്‌ക് -26 രൂപ, ട്രിപ്പിൾ ലെയർ മാസ്‌ക് - 5 രൂപ, ഫേസ് ഷീൽഡ് - 25 രൂപ, ഏപ്രൺ (ഡിസ്‌പോസബിൾ) -14 രൂപ, സർജിക്കൽ ഗൗൺ - 78 രൂപ, എക്‌സാമിനേഷൻ ഗ്ലൗസ് -7 രൂപ, ഹാൻഡ് സാനിറ്റൈസർ (500 എം.എൽ)- 230 രൂപ, 200 എം.എൽ - 118 രൂപ, 100 എം.എൽ -66 രൂപ, സ്റ്റെറൈൽ ഗ്ലൗസ് (ജോഡി)- 18 രൂപ, എൻ.ആർ.ബി മാസ്‌ക് - 96 രൂപ, ഓക്‌സിജൻ മാസ്‌ക് - 65 രൂപ, ഫ്‌ളോമീറ്റർ (ഹ്യുമിഡിഫൈർ സഹിതം)-1824 രൂപ, ഫിംഗർ ടിപ്‌സ് പൾസ്ഓക്‌സി മീറ്റർ -1800 രൂപ.

'' മാസ്കിനടക്കം പലരും വില കൂട്ടി വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പിടികൂടുന്ന കേസ്സുകളിൽ പിഴ ചുമത്തുന്നുമുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരും.

സുധീർരാജ്,​

ഡെപ്യൂട്ടി കൺട്രോളർ
ലീഗൽ മെട്രോളജി