rafsa

കോഴിക്കോട്: കടലിൽ കുളിക്കുന്നതിനിടെ തിരമാലയിൽ കുടുങ്ങിയ ഭർത്താവിനെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലയാളി യുവതി മുങ്ങിമരിച്ചു. ഷാർജയിലെ എത്തിസലാത്ത് ജീവനക്കാരനായ മഹ്റൂഫിന്റെ ഭാര്യ പന്തീരാങ്കാവ് സ്വദേശിനി റഫ്സയ്ക്കാണ് ( 32) ദാരുണാന്ത്യം.

ഉമ്മുൽഖുവൈൻ ബീച്ചിലാണ് സംഭവം. അജ്മാനിൽ താമസിക്കുന്ന കുടുംബം ഇന്നലെ രാവിലെ ബീച്ച് സന്ദർശിക്കാനെത്തിയതായിരുന്നു. മഹ്റൂഫിനൊപ്പം മക്കളായ ആമിർ (8) ഐജ (4) എന്നിവരും കുളിക്കാനിറങ്ങി. പെട്ടെന്ന് കൂറ്റൻതിരമാല ഇവരെ വീഴ്ത്തുകയായിരുന്നു. ഇത് കണ്ടതോടെ രക്ഷിക്കാനായി യുവതി എടുത്തു ചാടി. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾക്ക് ഭർത്താവിനെയും മക്കളെയും വേഗത്തിൽ കരയ്ക്ക് കയറ്റാനായെങ്കിലും യുവതിയെ രക്ഷപ്പെടുത്താനായില്ല.

തറമ്മൽ കോയദീൻ - കുന്നത്ത് കൊളക്കാട് സഫിയ ദമ്പതികളുടെ മകളാണ് റഫ്സ. മൃതദേഹം നാട്ടിലെത്തിക്കും.