ഫറോക്ക് : മാധ്യമ പ്രവർത്തകർ ജനങ്ങളുമായുള്ള ബന്ധങ്ങൾ നാടിന്റെ വികസനത്തിനുള്ള നിർദേശങ്ങളാക്കി മാറ്റണമെന്നു പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങളുമായുള്ള പ്രവർത്തന അനുഭവമാണ് സാമൂഹിക പ്രവർത്തകരുടെ കരുത്തും ആത്മവിശ്വാസവും അത് കൈമുതലാക്കിയാണ് മന്ത്രിയായ തന്റെ ഭാവിയിലെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു . മാധ്യമ പ്രവർത്തനത്തിനൊപ്പം ചെയ്യാൻ സാധ്യമാകുന്ന മനുഷ്യത്വപരമായ പ്രവർത്തനമാണ് ഫറോക്ക് പ്രസ് ക്ലബ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫറോക്ക് പ്രസ് ക്ലബ് ഫറോക്ക് ഗവ.താലൂക്ക് ആശുപത്രിക്കു നൽകിയ പൾസ് ഓക്‌സീമീറ്ററുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രസ് ക്ലബ് പ്രസിഡന്റ് കെ.ബദറുദ്ദീൻ പൾസ് ഓക്‌സിമീറ്ററുകൾ മന്ത്രിക്കു കൈമാറി. ഫറോക്ക് നഗരസഭാദ്ധ്യക്ഷൻ എൻ.സി.അബ്ദുൽ റസാഖ് മുഖ്യാതിഥിയായി. താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ.പി. രഞ്ജിത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.മുസ്തഫ, എം.എ.ബഷീർ എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.ഷാജി സ്വാഗതവും ട്രഷറർ സി.കെ.മുസ്തഫ നന്ദിയും പറഞ്ഞു.