rape

കോഴിക്കോട്: ബംഗ്ളാദേശുകാരിയായ 22 കാരിയെ ബംഗളൂരുവിൽ ക്രൂരമായി പീഡനത്തിനിരയാക്കിയ സംഭവത്തിൽ കേരളത്തിലുള്ളവർക്കും പങ്കുണ്ടെന്ന് സൂചന. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ഇതിനകം രണ്ട് സ്ത്രീകളടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. ഇവരിൽ ഒരാളൊഴികെ മറ്റുള്ളവരെല്ലാം ബംഗ്ളാദേശുകാരാണ്.

പീഡനത്തിനു പിറകെ രക്ഷപ്പെട്ട് കോഴിക്കോട്ടെത്തിയ യുവതിയെ കർണാടക പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവതി ഇവിടെയുണ്ടെന്നറിഞ്ഞ് പൊലീസ് സംഘം വെള്ളിയാഴ്ച രാത്രിയോടെയാണ് എത്തിയത്.

യുവതിയെ ഇന്ത്യയിലെത്തിച്ചയാളുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ പീഡനത്തിലേക്ക് നയിച്ചത്. ഇയാൾ അറസ്റ്റിലായിട്ടുണ്ട്. പ്രശ്നം സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ വിളിച്ച് വരുത്തിയ ശേഷം മറ്റ് പ്രതികളുമായി ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ, യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേല്പിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു . പീഡനദൃശ്യങ്ങൾ അസാമിൽ വ്യാപകമായി പ്രചരിച്ചതോടെ ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അസാം പൊലീസ് ട്വീറ്റ് ചെയ്തു. സംഭവം നടന്നത് ബംഗളൂരുവിലാണെന്ന് സൂചന കിട്ടിയതോടേ അവർ വിവരം കർണാടക പൊലീസിനെ അറിയിച്ചു.

യുവതി നിയമവിരുദ്ധമായാണ് ബംഗളൂരുവിൽ രാമമൂർത്തി നഗറിലെ വാടക വീട്ടിൽ താമസിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തി. ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവതി കോഴിക്കോട്ടേക്ക് കടന്നതായും മനസ്സിലായി. യുവതി നേരത്തെ കോഴിക്കോട്ടും ഹൈദരാബാദിലും സ്‌പായിൽ ജോലി ചെയ്തിരുന്നു. ഇവിടെയെത്തിയ സംഘം കേരള പൊലീസിന്റെ സഹായം തേടാതെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.