കോഴിക്കോട് : കടലുണ്ടിയിലെ കൊവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു.
പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കടലുണ്ടി പഞ്ചായത്തിൽ കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് 'നമ്മൾ ബേപ്പൂർ ' പദ്ധതിയുടെ ഭാഗമായി ആശുപത്രി ആരംഭിച്ചത്.കടലുണ്ടി റെയിൽവേ ഗേയിറ്റിന് സമീപം പരിരക്ഷ പിലിയേറ്റീവ് കെയറിന്റെ ക്ലിനിക് പ്രവർത്തിക്കുന്ന കെട്ടിടമാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്.20 ഓക്‌സിജൻ കിടക്കകൾ ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ സെന്ററിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറിയും ആശുപത്രിയുടെ ഭാഗമാകും. കൂടുതൽ രോഗികൾ ചികിത്സക്ക് എത്തുന്നതിനുസരിച്ച് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സെന്ററിലേക്ക് മാറാനുള്ള സൗകര്യവും ഒരുക്കും. സെന്ററിൽ ആവശ്യത്തിന് ഡോക്ടർമാർ, നഴ്‌സ്, മറ്റു വളണ്ടിയർമാർ എന്നിവരെ നിയമിച്ചിട്ടുണ്ട് . ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റും നിർമിച്ചിട്ടുണ്ട്.ജില്ലാ കളക്ടർ സാംബശിവ റാവു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ, പഞ്ചായത്ത് പ്രസിഡന്റ് അനുഷ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സുഷമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവ ദാസൻ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.