online-class

@ പ്രവേശനോത്സവം ഓൺലൈനിൽ

കോഴിക്കോട് : കൊവിഡിനൊപ്പം മറ്റൊരു അദ്ധ്യയന കാലത്തിന് കൂടി ഇന്ന് തുടക്കമാവും. രാവിലെ പത്തിന് പ്രവേശനോത്സവം ഓൺലൈനിൽ ആരംഭിക്കും. കുട്ടികൾക്ക് പ്രചോദനം നൽകുന്ന വിവിധ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ തുടങ്ങിയവരുടെ സന്ദേശങ്ങൾ സ്‌കൂളുകളിൽ ഓൺലൈൻ വഴി പ്രദർശിപ്പിക്കും. സ്‌കൂളിൽ നേരിട്ടെൻ കഴിയാത്ത സാഹചര്യമാണെങ്കിലും ഉത്സവ പ്രതീതിയിൽ തന്നെയാകും സ്‌കൂൾ പ്രവേശനം.
കുട്ടികൾക്ക് ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കാം. മുൻകൂട്ടി റെക്കോർഡ് ചെയ്ത പാട്ടും കഥ പറയലുമാണ് ഓരോ സ്‌കൂളിലും പ്രദർശിപ്പിക്കുക. കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കും. ഇതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കും. ജില്ലാതലത്തിൽ ആർ.ഡി.ഡി, ഡി.ഡി.ഇ , എ.ഡി, ഡി.പി.സി എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ എം.പിമാർ , എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഓൺലൈനായി പങ്കെടുക്കും. സ്‌കൂൾ തലത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന പ്രവേശനോത്സവ പരിപാടികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുക്കും.