cctv

കറുകച്ചാൽ: കറുകച്ചാൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ജില്ലാപഞ്ചായത്തിന്റെയും പൊലീസിന്റെയും സഹകരണത്തോടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ട് വർഷം മൂന്ന് കഴിഞ്ഞു. പണടമടച്ച് ടെൻഡർ പൂർത്തിയാക്കിയിട്ടും പദ്ധതി നടപ്പായില്ല. പൊലീസ് സ്‌റ്റേഷനുള്ളിൽ സ്‌ക്രീനുകൾ സ്ഥാപിച്ച് പൂർണമായി നഗരത്തെ നിരീക്ഷിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഉടൻ നടപ്പാക്കുമെന്ന് അധികൃതർ പലവട്ടം പറഞ്ഞെങ്കിലും ടെൻഡർ പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാനായിട്ടില്ല.

20 ലക്ഷം രൂപയ്ക്ക് ടെൻഡർ നടത്തിയെന്നും ഉടൻ ക്യാമറകൾ സ്ഥാപിക്കുമെന്നും പറഞ്ഞതല്ലാതെ യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല. 10 ലക്ഷം രൂപയ്ക്ക് 60 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാനായിരുന്നു ആദ്യം പദ്ധതി. എന്നാൽ 10 ലക്ഷം രൂപ തികയില്ല എന്ന് വ്യക്തമായതോടെ പദ്ധതി മുടങ്ങി. വീണ്ടും രണ്ടാംഘട്ടത്തിൽ 20 ലക്ഷം രൂപ അനുവദിച്ചു. 20 ലക്ഷം രൂപയ്ക്ക് 60 ക്യാമറകൾ സ്ഥാപിക്കാനാവില്ലെന്ന് വ്യക്തമായതോടെ ക്യാമറകൾ 30 ആയി ചുരുങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ നടത്തിയത്.

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയ്ക്കായിരുന്നു ടെൻഡർ. ഉടൻ ക്യാമറയും മറ്റ് സംവിധാനങ്ങളും സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇവർ പറഞ്ഞെങ്കിലും നാളിതുവരെയായും ഒരു ജോലികളും ആരംഭിച്ചിട്ടില്ല. കറുകച്ചാൽ മേഖലയിൽ കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ ശല്യവും അപകടങ്ങളും പതിവായ സാഹചര്യത്തിലായിരുന്നു പൊലീസും ജില്ലാപഞ്ചായത്തും ചേർന്ന് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. മൂന്ന് പഞ്ചായത്തുകളിലായി നടപ്പിലാക്കാനിരുന്ന പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് വ്യാപാരികളുടെയും ജനങ്ങളുടെയും ആവശ്യം ശക്തമാകുന്നു.