booth

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് ഒൻപത് കേന്ദ്രങ്ങളിലായി നടക്കും. 66 സ്ഥാനാർഥികൾ ജനവിധി തേടിയ ജില്ലയിൽ പോളിംഗ് ബൂത്തുകളിൽ 11,49,901 പേരും കൊവിഡ് സാഹചര്യത്തിൽ ആബ്‌സെന്റീ വോട്ടർമാർക്കായി ഏർപ്പെടുത്തിയ തപാൽ വോട്ടിംഗ് സംവിധാനത്തിലൂടെ 31762 പേരുമാണ് വോട്ടു ചെയ്തിട്ടുള്ളത്. ഇതിനു പുറമെ സർവീസ് വോട്ടുകളും സാധാരണ തപാൽ വോട്ടുകളുമുണ്ട്. രാവിലെ എട്ടുവരെ തപാൽ വകുപ്പിൽനിന്ന് വരണാധികാരികളുടെ കൈയ്യിൽ ലഭിക്കുന്ന തപാൽ വോട്ടുകൾ വോട്ടെണ്ണലിന് പരിഗണിക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിന് എല്ലാ മണ്ഡലത്തിലും മൂന്നു ഹാളുകളുണ്ട്. ഓരോ ഹാളിലും ഏഴ് മേശകൾ വീതം ആകെ 21 മേശകൾ. എല്ലാ മേശകളിലും ഓരോ ബൂത്തു വീതം എണ്ണിക്കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂർത്തിയാകുക. ആകെ 189 വോട്ടെണ്ണൽ മേശകളാണുള്ളത്. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാർ എന്നീ മണ്ഡലങ്ങളിൽ 14 റൗണ്ടുകളും ചങ്ങനാശേരി, ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിൽ 13 റൗണ്ടുകളും വൈക്കത്തും കോട്ടയത്തും 12 റൗണ്ടുകളുമാണുള്ളത്.

തപാൽ വോട്ടുകൾ

ട്രഷറികളിൽ സൂക്ഷിച്ചിട്ടുള്ള തപാൽ വോട്ടുകൾ സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പൊലീസ് കാവലിലാണ് വോട്ടിംഗ് കേന്ദ്രങ്ങളിൽ എത്തിക്കുക. ഈ നടപടികളുടെ വീഡിയോ ഡോക്യുമെന്റേഷനും നടത്തും.

എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും തപാൽ വോട്ടുകൾ എണ്ണുന്നതിനായി ഏഴു മേശകൾ വീതം ക്രമീകരിച്ചിട്ടുണ്ട്.

ഓരോ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും ഒരു മൈക്രോ ഒബ്‌സർവറും സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്റുമാരും ഉണ്ടായിരിക്കും.

ആദ്യം എണ്ണുന്നത്

തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. തുടർന്ന് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വരണാധികാരി തുറക്കും. സ്‌ട്രോംഗ് റൂമിൽനിന്നും കൺട്രോൾ യൂണിറ്റും പോളിംഗ് ബൂത്തിലെ നടപടികളുടെ സംക്ഷിപ്ത റിപ്പോർട്ടായ 17 സി ഫോറവുമാണ് വോട്ടെണ്ണൽ മേശകളിൽ എത്തിക്കുക. ഇവ സീൽ ചെയ്തിട്ടുണ്ടെന്ന് കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ ഉറപ്പാക്കും. 8.30ഓടെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

ആകെ 1305 ഉദ്യോഗസ്ഥർ

വോട്ടെണ്ണലിനായി ജില്ലയിൽ ആകെ 1305 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിൽ 40 ശതമാനം പേർ റിസർവാണ്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനായി 288 മൈക്രോ ഒബ്‌സർവർമാരും 270 കൗണ്ടിംഗ് സൂപ്പർവൈസർമാരും 288 കൗണ്ടിംഗ് അസിസ്റ്റന്റുമാരുമാണുള്ളത്.

ശക്തമായ സുരക്ഷ

ജില്ലയെ ഒൻപത് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ.ആകെ 1800 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സി.ഐ.എസ്.എഫ്, സായുധ പൊലീസ്, ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള ത്രിതല സുരക്ഷയുടെ ചുമതല ഡിവൈ.എസ്.പിമാർക്കാണ്. എല്ലാ കേന്ദ്രങ്ങളിലും നിലവിൽ സ്‌ട്രോംഗ് റൂം സുരക്ഷാ ചുമതലയിലുള്ളവർക്കു പുറമെ 75 പൊലീസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചിട്ടുണ്ട്

ഡി.ശിൽപ്പ, ജില്ലാ പൊലീസ് മേധാവി