a

കുമരകം : കുമരകം - ചേർത്തല റോഡരികിൽ തണ്ണീർത്തട നിയമം കാറ്റിൽപ്പറത്തി നെൽവയൽ നികത്തൽ വ്യാപകമാകുന്നു. ചീപ്പുങ്കൽ പാലത്തിനും കൈപ്പുഴമുട്ട് പാലത്തിനും ഇടയിലുള്ള ആർപ്പൂക്കര പഞ്ചായത്ത് ഒന്നാം വാർഡിലുള്ള പള്ളിക്കരി പാടത്ത് മൂന്നു സ്ഥലങ്ങളിൽ ടോറസ് ലോറികളിൽ നൂറ് കണക്കിന് ലോഡ്പൂഴി മണ്ണാണ് ഇറക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ ആരംഭിച്ച നികത്തൽ മാസങ്ങളായി നിറുത്തിവച്ചിരിക്കുകയായിരുന്നു. ചീപ്പുങ്കൽ - മണിയാപറമ്പ് റോഡ് നിർമ്മാണം നടക്കുന്നതും നിലംനികത്തലിന് പൂഴി എത്തിക്കാൻ അനുകൂല സാഹചര്യം ഒരുക്കുന്നതായും സമീപവാസികൾ പറയുന്നു. രാത്രിയിലും പുലർച്ചെയുമാണ് ടിപ്പറുകളിൽ പൂഴി ഇറക്കുന്നത്. പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് നിലം നികത്തലെന്നാണ് ആക്ഷേപം.