സമ്മർദ്ദം താങ്ങാനാകാതെ ഡോക്ടർമാർ
പാലാ: ജനറൽ ആശുപത്രിയിലെ കൊവിഡ് രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ തുടർച്ചയായി അഞ്ചാം ദിവസവും മുടങ്ങി. സമീപത്തെ സ്വകാര്യ ആശുപത്രികളിൽ നിന്ന് സിലിണ്ടർ എത്തിച്ച് രോഗികളുടെ ജീവൻ രക്ഷിച്ചെങ്കിലും ആശുപത്രി അധികാരികളും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.ഓക്‌സിജൻ കുറവായതിനാൽ കൊവിഡ് രോഗികളുടെ കാര്യത്തിൽ കടുത്ത ആശങ്ക നിലനിൽക്കുന്നു എന്ന വിവരം ജില്ലാ ആരോഗ്യവിഭാഗത്തേയും ജില്ലാ ഭരണകുടത്തേയും പല തവണ അറിയിച്ചെങ്കിലും ഒരു തരത്തിലുള്ള അനുകൂല മറുപടിയും ലഭിച്ചില്ലെന്ന് ആശുപത്രി വികസന സമിതിയംഗം ജയ്‌സൺ മാന്തോട്ടം പറഞ്ഞു.
മേലധികാരികളുടെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഡോക്ടർമാരും ജീവനക്കാരും കൂട്ടരാജിയ്ക്ക് ഒരുങ്ങിയതായും സൂചനയുണ്ട്. ഓക്‌സിജൻ ലഭ്യമാക്കാൻ ജില്ലാ അധികാരികൾ അടിയന്തിര നടപടി കൈക്കൊണ്ടില്ലെങ്കിൽ ഉണ്ടാകാവുന്ന ദുരന്തത്തിനു പഴി കേൾക്കേണ്ടിവരും എന്നത് ജീവനക്കാരുടെ മനോവീര്യം കെടുത്തുകയാണ്. കൊവിഡ് വാർഡിൽ വിശ്രമമില്ലാതെ സേവനം ചെയ്യുന്ന പല ജീവനക്കാർക്കും രോഗം പിടിപെട്ടു കഴിഞ്ഞു. ഇതോടെ ഒറ്റയടിക്ക് 15 പേരുടെ കുറവുണ്ടായി. ഡോക്ടർമാർ ഉൾപ്പെടെ അർദ്ധരാത്രി കഴിഞ്ഞും തുടർച്ചയായി ജോലി ചെയ്യുകയാണ്.
മേലധികാരികളുടെ അവഗണനയും വിശ്രമമില്ലാത്ത ജോലിയും മൂലം കടുത്ത മാനസിക സമ്മർദ്ദത്തിലാണ് പലരും. ഇന്നു കൂടി ഓക്‌സിജൻ കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാമെന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്ന് ആശുപത്രി വികസനസമിതി അംഗങ്ങൾ മുന്നറിയിപ്പു നൽകുന്നു
കിറ്റില്ല; കൊവിഡ് ടെസ്റ്റുകളും നിലയ്ക്കുക്കുന്നു
ജനറൽ ആശുപത്രിയിൽ ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകളും നിലയ്ക്കുകയാണ്. കൊവിഡ് രോഗനിർണയത്തിനായുള്ള കിറ്റുകളുടെ ലഭ്യതകുറവ് പരിശോധനയെ ബാധിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവർക്കായി മാത്രം പരിശോധനയ്ക്ക് ലഭിച്ച കിറ്റുകളും തീർന്നതോടെ പുറമെ നിന്നുള്ളവരുടെ പരിശോധന പൂർണമായും നിലച്ചിരിക്കുകയാണ്. രോഗനിർണയം നടക്കാതെ വരുന്ന പക്ഷം രോഗികളുമായി സമ്പർക്കം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുന്നത് രോഗവ്യാപനത്തിനും ഇടയാക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആരോഗ്യവകുപ്പ് അധികൃതരുടെയും സഹകരണക്കുറവിൽ കടുത്ത പ്രതിഷേധത്തിലാണ് ആശുപത്രി അധികൃതർ. നഴ്‌സിംഗ് ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.