shiny


കട്ടപ്പന: മാലിന്യ സംസ്‌കരണ ബോധവത്കരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഹരിത കർമ സേനാംഗത്തിന് ക്രൂരമർദനം. വണ്ടൻമേട് പഞ്ചായത്തിലെ ഹരിത കർമ സേനാംഗമായ ഷൈനി സ്റ്റീഫനെയാണ് 12ാം വാർഡിലെ ഐ.എം.എസ്. കോളനിയിൽ താമസിക്കുന്ന റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ ജോസഫ്, മകൻ രത്‌നകുമാർ എന്നിവർ ചേർന്ന് കൈയേറ്റം ചെയ്തത്. ഷൈനിയെ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ഇവരെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വണ്ടൻമേട് പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി പ്രകാരം മാസത്തിലൊരിക്കൽ ഹരിത കർമ സേനാംഗങ്ങൾ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ തീരുമാനിച്ചിരുന്നു. ഒരു വീട്ടിൽ നിന്ന് പ്രതിമാസം 30 രൂപയാണ് ഇതിനായി ഈടാക്കുന്നത്. ഇതിന്റെ ഭാഗമായി ഷൈനിയും മറ്റൊരു ഹരിത കർമ സേനാംഗമായ ഷിനി ബിനുവും ഇന്നലെ വൈകിട്ട് ജോസഫിന്റെ വീട്ടിലെത്തി. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ വീട്ടിലെ ജൈവ അവശിഷ്ടങ്ങളും എടുക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ പ്ലാസ്റ്റിക് ശേഖരിക്കാൻ മാത്രമേ നിർദേശമുള്ളൂവെന്ന് പറഞ്ഞതോടെ വീട്ടുകാർ ഇവരോട് തട്ടിക്കയറി. പണം തരാൻ സൗകര്യപ്പെടില്ലെന്നും പൊതുസ്ഥലങ്ങളിൽ ഇനിയും മാലിന്യം തള്ളുമെന്നും പറഞ്ഞ് ഷൈനിയെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇവരെ വട്ടം പിടിച്ചുനിർത്തി കവിളിലും ശരീരത്തും മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറുകയായിരുന്നു. ഇത് ചിത്രീകരിക്കാൻ ശ്രമിച്ച ഷിനിയുടെ മൊബൈൽ ഫോണും ഇവർ പിടിച്ചുവാങ്ങി. ഹരിത കർമ സേനാംഗങ്ങളുടെ പരാതിയിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.