കോട്ടയം: ചരിത്രത്തിൽ ആദ്യമായി പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീടിന്റെ വാതിൽ പ്രവർത്തകർക്ക് മുന്നിൽ അടഞ്ഞു. ഉമ്മൻചാണ്ടി ഉള്ളിലുണ്ടെങ്കിൽ ഒരിക്കലും അടയാത്ത ആ വാതിലടച്ചത് കൊവിഡ് എന്ന മഹാമാരിയായിരുന്നു. ആളെ ചുരുക്കി , ആരവമില്ലാതെ ..
ആർക്കു മുന്നിലും അടയ്ക്കാത്ത വാതിൽ, വോട്ടെണ്ണൽ ദിവസമായിട്ടുകൂടി തുറന്നതേയില്ല.
വോട്ടെണ്ണൽ ദിവസം കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രവർത്തകർക്കും നേതാക്കൾക്കും കർശന നിർദേശം നൽകിയിരുന്നു. ആളുകൾ കൂടുതലായി വീട്ടിലേയ്ക്ക് എത്തിയാൽ താൻ വീട് വിട്ട് പോകുമെന്ന സ്നേഹപൂർവമായ ഭീഷണിയിലൂടെയാണ് ഉമ്മൻ ചാണ്ടി പ്രവർത്തകരെ തടഞ്ഞത്.
നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് പുതുപ്പള്ളി പള്ളിയിൽ രാവിലെ എത്തിയ ഉമ്മൻചാണ്ടി അര മണിക്കൂറോളം പള്ളിയിൽ പ്രാർത്ഥനകൾക്കായി ചെലവഴിച്ചു. തുടർന്നാണ് തറവാട്ട് വീട്ടിൽ എത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ കർക്കശമാക്കിയതോടെ ഉമ്മൻചാണ്ടിയുടെ വീട്ടിൽ നിന്ന് പ്രവർത്തകർ അകന്ന് നിന്നു.
അഞ്ചു പേർ മാത്രമാണ് ഉമ്മൻ ചാണ്ടിക്കൊപ്പം മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. ആളുകൾ കൂടുന്ന സാഹചര്യമുണ്ടാകുമ്പോഴെല്ലാം നേതാക്കളെ വിട്ട് പ്രവർത്തകരെ പിരിച്ചു വിടാൻ ഉമ്മൻചാണ്ടി ശ്രദ്ധിച്ചു. ആദ്യ ഫലസൂചനകൾ അറിഞ്ഞതോടെ വീട്ടിലെ അന്തരീക്ഷം പിരിമുറുക്കത്തിലായി. അതിനിടയിലും ഉച്ചയോടെ പ്രവർത്തകർക്കെല്ലാം ഭക്ഷണം വാങ്ങി നൽകാൻ ഉമ്മൻചാണ്ടി നിർദേശിച്ചു. അൽപ്പം കഴിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ‌്‌ണൻ എം.എൽ.എ എത്തി. തിരുവഞ്ചൂരിനും ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പിനും ഒപ്പം സ്വീകരണ മുറിയിലിരുന്ന് അൽപ നേരം ടി.വിയിലെ വാർത്തകൾ കണ്ടു. പിന്നീട്, അടച്ചിട്ട മുറിയിൽ അൽപനേരം ചർച്ച. തുടർന്ന്, മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി വിശദീകരണം. വീണ്ടും മുറിയ്‌ക്കുള്ളിലേയ്‌ക്ക് .