കോട്ടയം: യു.ഡി.എഫിന്റെ അഭിവാജ്യഘടകമായിരുന്ന കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ അടർത്തിയെടുത്ത് ഇടതുമുന്നണിയിലെത്തിക്കാൻ കാരണക്കാരായ രണ്ടു പേർ ഇനി ഒന്നിച്ച് നിയമസഭയിലേയ്ക്ക്. യു.ഡി.എഫിലെ തർക്കത്തിന് യാദൃശ്‌‌ചികമായെങ്കിലും തുടക്കമിട്ട അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലും, കേരള കോൺഗ്രസിനെ മുന്നണിയിൽ എത്തിക്കാൻ തന്ത്രമൊരുക്കിയ വി.എൻ വാസവനുമാണ് ഒന്നിച്ച് നിയമസഭയിലേയ്‌ക്ക് എത്തുന്നത്. പൂഞ്ഞാറിൽ പി.സി ജോർജിനെ മലർത്തിയടിച്ച് കുളത്തിങ്കൽ എം.എൽ.എയായപ്പോൾ, സിറ്റിംഗ് സീറ്റ് ഒരുവട്ടം കൂടി ഉറപ്പിച്ചാണ് വാസവൻ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വീതംവയ്‌ക്കുന്നതിനെച്ചൊല്ലി കേരള കോൺഗ്രസ് ജോസഫ് - ജോസ് വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച തർക്കമാണ് യു.ഡി.എഫ് മുന്നണിയിൽ നിന്നും ജോസ് കെ.മാണി വിഭാഗം പുറത്തേയ്ക്ക് പോകുന്നതിൽ പ്രധാന കാരണമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വീതംവയ്ക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായപ്പോൾ, അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലായിരുന്നു അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. തർക്കം മുറുകിയതോടെ ഇടതുമുന്നണി അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിന് പിന്തുണ നൽകി. ഇതിന് മുന്നോടിയായി കുളത്തിങ്കൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ നേരിട്ട് പോകുകയും ചെയ്‌തു. ഈ സമയം സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി വി.എൻ വാസവനായിരുന്നു. വാസവൻ സി.പി.എം സംസ്ഥാന കമ്മിറ്റിയെ ധരിപ്പിച്ചത് അനുസരിച്ചാണ് മുന്നണിയ്ക്കുള്ളിലെ എതിർപ്പ് പോലും അവഗണിച്ച് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായത്. ഇടതുമുന്നണി ജോസ് കെ.മാണിയുമായി നടത്തിയ ചർച്ചകൾക്കെല്ലാം ചുക്കാൻ പിടിച്ചതും വാസവൻ തന്നെയായിരുന്നു. കേരള കോൺഗ്രസിന് ഏറെ സ്വാധീനമുള്ള മണ്ഡലമായ ഏറ്റുമാനൂരിലാണ് വി.എൻ വാസവൻ മത്സരിച്ചതും വിജയിച്ചതും. ഈ സാഹചര്യത്തിലാണ് ഇതുവരുടെയും നിയമസഭാ പ്രവേശനം ചർച്ചയായി മാറുന്നത്.