കട്ടപ്പന: അവിസ്മരണീയ വിജയത്തിലൂടെ ഉടുമ്പൻചോലയ്ക്ക് കാവലാളായി എം.എം. മണി. സംസ്ഥാനത്തെ ഉയർന്ന ഭൂരിപക്ഷം നേടിയവരുടെ നിരയിലേക്ക് എതിരാളികളെ ഏഴയലത്ത് അടുപ്പിക്കാതെയാണ് മണിയാശാൻ ജയിച്ചുകയറിയത്. 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിളക്കമാർന്ന വിജയത്തിലൂടെയാണ് മണ്ഡലം നിലനിറുത്തിയത്. ആകെ 77,381 വോട്ടുകളാണ് എം.എം. മണിക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം. ആഗസ്തി 39,076 വോട്ടുകൾ നേടി. എൻ.ഡി.എ. സ്ഥാനാർത്ഥി സന്തോഷ് മാധവന് 7208 വോട്ടുകളും ബി.എസ്.പി സ്ഥാനാർത്ഥി എ.സി. ബിജുവിന് 867 വോട്ടുകളും ലഭിച്ചു. 679 വോട്ടുകളാണ് നോട്ടയ്ക്ക് പോൾ ചെയ്തത്. ആകെ പോൾ ചെയ്ത 1,25,219 വോട്ടുകളിൽ എം.എം. മണിക്ക് 61.79 ശതമാനം വോട്ടുകൾ ലഭിച്ചു. ആകെയുള്ള 2416 പോസ്റ്റൽ വോട്ടുകളിൽ എം.എം. മണിക്ക് 1443 ഉം ആഗസ്തിക്ക് 869 ഉം സന്തോഷ് മാധവന് 87ഉം എ.സി. ബിജുവിന് ഒമ്പതും വോട്ടുകൾ ലഭിച്ചു. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ എം.എം. മണി 2990 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു. രണ്ടാം റൗണ്ടിൽ 6021 ഉം മൂന്നാം റൗണ്ടിൽ 9,467 ഉം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. അഞ്ചാം റൗണ്ടിൽ ഭൂരിപക്ഷം 17,677 ലും പത്താം റൗണ്ടിൽ 30,928 ലും എത്തി. ആകെയുള്ള 232 ബൂത്തുകളിൽ രണ്ടിടത്ത് മാത്രം ഒപ്പത്തിനൊപ്പമെത്താനാണ് യു.ഡി.എഫിന് കഴിഞ്ഞത്. ഇടുക്കിയിലും ഉടുമ്പൻചോല നിയോജകമണ്ഡലത്തിലും നടപ്പാക്കിയ വികസനങ്ങൾ വോട്ടായി ജനം തിരിച്ചുനൽകിയതായാണ് വിലയിരുത്തപ്പെടുന്നത്.
നാലര വർഷക്കാലയളവിൽ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുന്ന കാഴ്ചയായിരുന്നു ഇന്നലെ. ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി കട്ടപ്പനയിലെത്തി പ്രഖ്യാപിച്ച ഇടുക്കി വികസന പാക്കേജിന് ചുക്കാൻ പിടിച്ചതും . മണിയാശാൻ തന്നെ.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച നാൾ മുതൽ എതിർകക്ഷികൾ പോലും എം.എം. മണിക്ക് അനായാസ വിജയം കൽപ്പിച്ചിരുന്നുവെന്നതാണ് വസ്തുത. എന്നാൽ അവരുടെ പ്രതീക്ഷകൾ പോലും മറികടന്ന് ഭൂരിപക്ഷം കുതിച്ചുകയറുകയായിരുന്നു. യു.ഡി.എഫ്. സ്ഥാനാർത്ഥി ഇ.എം. ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ളവർ എത്തിയിട്ടും ഉടുമ്പൻചോലയിൽ തകർന്നടിഞ്ഞു. വോട്ടെണ്ണൽ തുടങ്ങി ഒരുഘട്ടത്തിൽ പോലും എം.എം. മണി പിന്നിൽ പോയിട്ടില്ല. നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വൻ ഭൂരിപക്ഷം നേടി.