പാലാ: മുഖത്ത് പിരിമുറുക്കവും ആശങ്കയുമില്ല... വോട്ട് എണ്ണം മുമ്പേ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു മാണി.സി കാപ്പൻ. ആ ആത്മവിശ്വാസം തന്നെയാണ് കാപ്പനെ വിജയതിലകമണിയിച്ചത്. ഉപതിരഞ്ഞെടുപ്പിലെ 2943 വോട്ടെന്ന ഭൂരിപക്ഷത്തിന്റെ അഞ്ചിരട്ടി ഭൂരിപക്ഷത്തിനാണ് തിളക്കമാർന്ന വിജയം മാണി സി കാപ്പൻ നേടിയത്. കാപ്പന്റെ 16 മാസത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായിയിരുന്നു ഈ വിജയം.
ഇന്നലെ രാവിലെ ളാലം പള്ളിയിൽ ഭാര്യ ആലീസിനൊപ്പമെത്തി കുർബാനയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ഒരു പടതന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. ഭൂരിപക്ഷത്തെക്കുറിച്ചാരാഞ്ഞപ്പോൾ ഇന്നലെയും പതിവുപോലെ കാപ്പൻ ആവർത്തിച്ചു... 15000 !. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇന്നലെ പാലായിലെ വസതിയിൽ ടി.വിയിൽ മാണി സി കാപ്പൻ വോട്ടെണ്ണൽ വീക്ഷിച്ചത്. ഏതാനും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ കടുത്തുരുത്തിയിൽ നിന്നും മോൻസ് ജോസഫ് വിളിച്ച് ആശംസ നേർന്നു. ടി വിയിൽ തപാൽ വോട്ടിന്റെ ഭൂരിപക്ഷം ജോസ് കെ മാണിക്കെന്ന് മിന്നിമറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്നവർക്ക് ആശങ്ക. പക്ഷേ കാപ്പന്റെ മുഖത്ത് തെല്ലും ആശങ്കയില്ല. രാമപുരവും കടനാടും എണ്ണിക്കഴിഞ്ഞപ്പോൾ ഭൂരിപക്ഷം 3452. ഇതോടെ ഒപ്പമുണ്ടായിരുന്നവരുടെ ആവേശം ഇരട്ടിച്ചു.
പിന്നെ കാപ്പന് തിരഞ്ഞുനോക്കേണ്ടിവന്നില്ല. ഭരണങ്ങാനം കഴിഞ്ഞപ്പോൾ ഭൂരിപക്ഷം ഒൻപതിനായിരം പിന്നിട്ടു. പിന്നെയും ഭൂരിപക്ഷം ഉയർന്നതോടെ പാലായിൽ ജയം ഉറപ്പിച്ചു. ചലചിത്ര നടൻ ജയറാം, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ എന്നിവർ ഫോണിൽ വിളിച്ച് ആശംസനേർന്നു. കേക്ക് ഭാര്യ ആലീസ്, മക്കളായ ടീന, ദീപ, മരുമക്കളായ സന്ദീപ്, ദീപു, കൊച്ചുമക്കളായ തെരേസ,റയാൻ, നിയ യു.ഡി.എഫ് നേതാക്കളായ പ്രൊഫ സതീഷ് ചൊള്ളാനി, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോസ്‌മോൻ മുണ്ടയ്ക്കൽ, വിനോദ് വേരനാനി, സാജു എം ഫിലിപ്പ്, സി ടി രാജൻ, ഉണ്ണി മുട്ടത്ത്, എബി ജെ ജോസ് തുടങ്ങിയവർക്കൊപ്പം മാണി.സി കാപ്പൻ കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു.