ആഗസ്റ്റിയോട് വിശാല മനസ്കനായ ആശാൻ ക്ഷമിച്ചു
കട്ടപ്പന: ഉടുമ്പൻചോലയിലെ കനത്ത പരാജയത്തിന് പിന്നാലെ തലമുണ്ഡനം ചെയ്യുമെന്ന പ്രഖ്യാപനവുമായി ഇ.എം. ആഗസ്തി. ഇന്ന് തല മുണ്ഡനം ചെയ്യുമെന്നും സ്ഥലവും സമയവും അറിയിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രീപോൾ വന്നപ്പോഴായിരുന്നു പ്രഖ്യാപനമുണ്ടായത്. എം.എം. മണിക്ക് 20,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിച്ചാൽ തല മുണ്ഡനം ചെയ്യുമെന്നും വെല്ലുവിളി ഏറ്റെടുക്കാൻ തയാറുണ്ടോയെന്നും ആഗസ്തി ചോദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ പ്രചരണ കാലയളവിലടക്കം ആഗസ്തിക്കെതിരെ നവമാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. തലമുണ്ഡനം ചെയ്ത രീതിയിൽ എഡിറ്റ് ചെയ്ത് ആഗസ്തിയുടെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.
ഇന്നലെ വോട്ടെണ്ണൽ ദിനത്തിൽ രാവിലെ മുതൽ ഇ.എം. ആഗസ്തിയുടെ എഡിറ്റ് ചെയ്ത ചിത്രങ്ങളും ട്രോളുകളും വന്നുതുടങ്ങി. തുടർന്ന് ആഗസ്തി തന്നെ ദൃശ്യ സന്ദേശത്തിലൂടെ കാര്യങ്ങൾ വളച്ചൊടിച്ചതായി അറിയിക്കുകയും ചലഞ്ച് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ എം.എം. മണിയുടെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നതിന് പിന്നാലെ ആഗസ്തിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരണം ശക്തമായി. തുടർന്ന് ഉച്ചയോടെ, ചലഞ്ച് ഏറ്റെടുത്തില്ലെങ്കിലും തല മുണ്ഡനം ചെയ്യുമെന്നു പറഞ്ഞവാക്ക് പാലിക്കുമെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ സന്ദേശം പ്രത്യക്ഷപ്പെട്ടു. അതേസമയം ആഗസ്തി തലമുണ്ഡനം ചെയ്യേണ്ട ആവശ്യമില്ലെന്ന് എം.എം. മണി നേരിട്ട് അറിയിച്ചിരുന്നു. അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. അദ്ദേഹം തന്റെ സ്‌നേഹിതനാണെന്നും വിളിച്ചപ്പോൾ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എം.എം. മണി പ്രതികരിച്ചു.