കോട്ടയം: യു.ഡി.എഫ് കോട്ടയെന്ന് പറയുന്ന കോട്ടയത്ത് ഒമ്പതിൽ അഞ്ചു സീറ്റും ഇടതുമുന്നണിക്ക്. പാലായിൽ മാണി. സി കാപ്പനോട് ജോസ് കെ. മാണി പരാജയപ്പെട്ടു. പൂഞ്ഞാറിലാവട്ടെ ചതുഷ്കോണമത്സരത്തിൽ പി.സി.ജോർജ് നിലംപതിച്ചു. പതിനേഴായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തങ്കലാണ് ജോർജിനെ പരാജയപ്പെടുത്തിയത്. ഇടതു സ്ഥാനാർത്ഥികളുടെ ലീഡ് കൂടുകയും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ലീഡ് കുറയുകയും ചെയ്തുവെന്ന പ്രത്യേകതയും ഇക്കുറി ജില്ലയിൽ പ്രകടമായി.
കോൺഗ്രസ് അഞ്ചു സീറ്റിൽ മത്സരിച്ചെങ്കിലും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും മാത്രമേ ജയിച്ചുള്ളൂ. ഇരുവരുടെയും ലീഡ് കുറയ്ക്കാനും ഇടതു സ്ഥാനാർത്ഥികൾക്കായി. 2016ൽ 27,092 വോട്ടിന്റെ ലീഡ് നേടിയ ഉമ്മൻചാണ്ടിയുടെ ലീഡ് ജയ്ക്ക് സി. തോമസ് ഇത്തവണ 8504 ആക്കി കറച്ചു. രണ്ട് പഞ്ചായത്തുകളിൽ മുന്നിലെത്തി ഉമ്മൻചാണ്ടിയെ ഞെട്ടിക്കാനുമായി.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭൂരിപക്ഷം 33,632ൽ നിന്ന് 17,200 ആയാണ് കുറഞ്ഞത്. സി.പിഎമ്മിലെ അഡ്വ.കെ.അനിൽകുമാറായിരുന്നു എതിരാളി. കടുത്തുരുത്തിയിൽ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫിന്റെ കഴിഞ്ഞ തവണത്തെ ലീഡ് 42,256 വോട്ടിന്റേതായിരുന്നു. ജോസ് വിഭാഗത്തിലെ സ്റ്റീഫൻ ജോർജ് അത് നാലായിരമാക്കി . കാഞ്ഞിരപ്പള്ളിയിൽ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഡോ. എൻ.ജയരാജിന് ജയിക്കാനായതും ചങ്ങനാശേരി ആറായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കാനായതും ഇടതു മുന്നണിക്ക് നേട്ടമായി. ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പിന് ലഭിച്ച 8,899 വോട്ടിന്റെ ലീഡ് പതിനയ്യായിരത്തോളമായി ഉയർത്താൻ സി.പി എമ്മിലെ വി.എൻ. വാസവവന് കഴിഞ്ഞപ്പോൾ, വൈക്കത്ത് സി.കെ.ആശ 24,584 ന്റെ ലീഡ് 28,200 ആക്കി ഉയർത്തി.