g-sukumaran-nair-

കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മകളും എൻ.എസ്.എസ് ഹിന്ദു കോളേജ് പ്രിൻസിപ്പലുമായ ഡോ.സുജാത എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചു. ഇന്നലെ രാവിലെ സുകുമാരൻ നായർക്കെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചതിന് പിന്നാലെയായിരുന്നു രാജി.രാജിക്കാര്യം സുകുമാരൻ നായരാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. '' ആദ്യം യു.ഡി.എഫ് ഗവൺമെന്റും പിന്നീട് എൽ.ഡി.എഫ്. ഗവൺമെന്റുമാണ് ഡോ. സുജാതയെ സിൻഡിക്കേറ്റിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ, 'എഡ്യൂക്കേഷനിസ്റ്റ്' എന്ന വിഭാഗത്തിലായിരുന്നു നോമിനേഷൻ. ഇതിനായി ഞാനോ, എന്റെ മകളോ, മറ്റാരെങ്കിലുമോ, ഗവൺമെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ല. മൂന്നുവർഷത്തെ കാലാവധിയുണ്ടെങ്കിലും വിവാദങ്ങൾക്കിട നൽകാതെ വ്യക്തിപരമായ കാരണങ്ങളാൽ സുജാത രാജിക്കത്ത് നൽകി'' - സുകുമാരൻ നായർ അറിയിച്ചു.