കട്ടപ്പന: കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കട്ടപ്പന നഗരസഭയിലും റോഷി അഗസ്റ്റിന് മേൽക്കൈ. 1248 വോട്ടിന്റെ ഭൂരിപക്ഷമാണ് കട്ടപ്പനയിൽ ലഭിച്ചത്. കോൺഗ്രസിന് സ്വാധീനമുള്ള വാർഡുകളിലെ ബൂത്തുകളിൽ പോലും യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായില്ല. കോൺഗ്രസ് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ നഗരസഭയിലെ വോട്ട് ചോർച്ച യു.ഡി.എഫിനെയും ഞെട്ടിച്ചിരിക്കുകയാണ്. 4 പതിറ്റാണ്ടായി കട്ടപ്പനയിലെ ആളുകൾക്കിടയിലുള്ള സ്വാധീനവും വ്യക്തിപ്രഭാവവും വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ.
ഇതോടൊപ്പം യു.ഡി.എഫ്. ഭരണത്തിലുള്ള കഞ്ഞിക്കുഴി പഞ്ചായത്തിൽ നേടിയ 1135 വോട്ടുകളുടെ ഭൂരിപക്ഷവും ജയത്തിൽ നിർണായകമായി. നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിൽ നാലിടത്ത് മാത്രമാണ് ഫ്രാൻസിസ് ജോർജിന് ഭൂരിപക്ഷം ലഭിച്ചത്. ഇതിൽ വാത്തിക്കുടിയിൽ 1914 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായതും എൽ.ഡി.എഫ് ഭരണത്തിലുള്ള അറക്കുളം പഞ്ചായത്തിൽ 391 വോട്ടുകൾക്ക് മുന്നിലെത്താനായതും മാത്രമാണ് യു.ഡി.എഫ് ആശ്വസിക്കാനുള്ളത്. മരിയാപുരത്ത് 331 ഉം കുടയത്തൂരിൽ 218 ഉം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
കൊന്നത്തടി പഞ്ചായത്തിലാണ് എൽ.ഡി.എഫിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത്. എൽ.ഡി.എഫ് ഭരണത്തിലുള്ള ഇവിടെ 2591 വോട്ടുകൾക്ക് മുന്നിലെത്താനായി. എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള കാഞ്ചിയാറിൽ 1935 വോട്ടുകളും ഭൂരിപക്ഷം ലഭിച്ചു. കേരള കോൺഗ്രസി(എം) ന് നിർണായക സ്വാധീനമുള്ള കാമാക്ഷി പഞ്ചായത്തിലും റോഷി 1079 ഉം വാഴത്തോപ്പിൽ 370 ഉം വോട്ടുകൾക്ക് മുന്നിലെത്തി.