dog

കോട്ടയം: ജില്ലയിലെ മൃഗാശുപത്രികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൃഗസംരക്ഷണ വകുപ്പിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ മുപ്പതിലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിക്കുകയും അതിലേറെപ്പേര്‍ ക്വാ‍റന്റൈനില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. പുതിയ ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി അറിയിച്ചു.

വളര്‍ത്തു മൃഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരെ ടെലിഫോണില്‍ ബന്ധപ്പെടണം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം മൃഗാശുപത്രികളില്‍ നേരിട്ട് എത്തിയാല്‍ മതി. കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവര്‍ ആശുപത്രി സന്ദര്‍ശനം കര്‍ശനമായും ഒഴിവാക്കണം. ആശുപത്രികളില്‍ മൃഗങ്ങൾക്കൊപ്പം ഒരാൾക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. അവശ്യ സാഹചര്യങ്ങളില്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളോടെ ഡോക്ടര്‍മാര്‍ വീടുകളില്‍ എത്തും. ആശുപത്രി ഉള്‍പ്പെടുന്ന മേഖല കണ്ടെയ്ന്‍മെന്‍റ് സോണായി മാറുകയും ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരികയും ചെയ്താല്‍ കര്‍ഷകര്‍ക്ക് മൃഗാശുപത്രികളില്‍നിന്ന് ലഭിച്ചിട്ടുള്ള ഫോണ്‍ നമ്പരില്‍ സേവനങ്ങള്‍ക്കായി ബന്ധപ്പെടാം. കഴിവതും അതത് പ്രദേശത്തെ മൃഗാശുപത്രികളുടെ സേവനം തേടാന്‍ ശ്രദ്ധിക്കണം. നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള പ്രതിരോധ വാക്സിനേഷൻ തൽക്കാലികമായി നിര്‍ത്തി. കണ്ടെൻമെന്റ് സോണുകളിലുള്ളവര്‍ കന്നുകാലികളുടെ കൃത്രിമ ബീജാധാനം, ഗർഭപരിശോധന എന്നീ സേവനങ്ങൾ തേടുന്നത് പരമാവധി ഒഴിവാക്കണം.