പാലാ: ജനവികാരം എതിരായതിനെ പ്രതിരോധിക്കാനാണ് വോട്ടുകച്ചവടമെന്ന ആരോപണവുമായി തോറ്റ സ്ഥാനാർത്ഥി രംഗത്തുവന്നതെന്ന് മാണി.സി കാപ്പൻ എം.എൽ.എ പറഞ്ഞു. ഇത് പാലാക്കാർ തള്ളിക്കളയും. എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് വോട്ടുകച്ചവടം നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. .പാലായിൽ ജനവികാരം എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് എതിരായിരുന്നു. ജയിച്ച സീറ്റ് തോറ്റ കക്ഷിക്ക് നൽകിയത് അനീതിയാണെന്ന് പാലാക്കാർ കരുതുന്നു. എം.പി സ്ഥാനങ്ങൾ രാജിവച്ചതിനെ വിമർശിക്കുന്നത് വ്യക്തിഹത്യ ആണെന്നാണ് ആരോപണം. വസ്തുനിഷ്ഠമായ വിമർശനം ജനാധിപത്യത്തിൽ അനിവാര്യമാണ്. ഇക്കാര്യം ഇനിയും ആവർത്തിക്കും. പണാധിപത്യത്തിൻമേൽ ജനാധിപത്യത്തിന്റെ വിജയം കൂടിയാണ് പാലായിൽ സംഭവിച്ചത്. എല്ലാ വിഭാഗം ആളുകളും പിന്തുണ നൽകിയെന്നും കാപ്പൻ വ്യക്തമാക്കി.