അടിമാലി: നിരത്തിലെ പഴയകാല രാജാക്കൻമാർ ഇവിടെ ഒരു വർക്ക്ഷോപ്പിൽ സ്വസ്ഥം സുഖമായി ഇരിക്കുന്നു, ഒന്ന്, രണ്ട്..... അങ്ങനെ എണ്ണുമ്പോൾ അറുപതിലെത്തി നിൽക്കും. ബൈക്കുകളും സ്‌കൂട്ടറുകളും പൊന്നുപോലെ സൂക്ഷിക്കുന്ന മനസാണ് അടിമാലി സ്വദേശിയായ അനസ് കൂനാരിയിലിനുള്ളത്. മഡ് റെയിസ്, സ്പീഡ് റെയിസ് മത്സരങ്ങളിൽ സ്ഥിരസാന്നിദ്ധ്യമായിരുന്നു അനസ്.ബൈക്ക് റെയിസിംഗിലെ കമ്പം പിന്നീട് പഴയകാല ഇരുചക്രവാഹനങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടമായി മാറി.അങ്ങനെ അടിമാലിയിലെ കൂനാരിയിൽ വീടിന്റെ മുറ്റത്തിപ്പോൾ അറുപതോളം പഴയകാല ഇരുചക്രവാഹനങ്ങളുടെ ശേഖരമുണ്ട്.1959ൽ ഇറങ്ങിയ ലാംബ്രട്ടയാണ് അനസ്സിന്റെ ശേഖരത്തിലുള്ള ഏറ്റവും പഴയ വാഹനം.ലാംബി മാക്, ലാംബി പോളോ, വിജയ് സൂപ്പർ,ആൽവിൻ പുഷ്പക്, അവാന്തി കെൽവിനേറ്റർ,രാജദൂത്, ജാവ, എസ് ഡി തുടങ്ങി ഓരോ കാലത്തും വീരപരിവേഷമുള്ള ഇരുചക്രവാഹനങ്ങൾ അനസ് തന്റെ വർക്ക്‌ഷോപ്പിൽ നിരനിരയായി സൂക്ഷിച്ചിട്ടുണ്ട്.മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി പഴയകാല ഇരുചക്രവാഹനങ്ങളുടെ ഒരു മ്യൂസിയമൊരുക്കണമെന്ന ആഗ്രഹമാണ് ഇപ്പോഴുള്ളത്. അനസിന്റെ ശേഖരത്തിലുള്ള സ്‌കൂട്ടറുകളിൽ പലതിനുമിന്ന് മോഹവിലയുള്ളതാണ്.പഴയ ഇരുചക്രവാഹനങ്ങൾ എവിടെ കണ്ടാലും സ്വന്തമാക്കാൻ അനസ്സിന്റെ മനസ്സ് വല്ലാതെ മോഹിക്കും.അങ്ങനെ പലപ്പോഴായി വിലകൊടുത്തും മറ്റും വാങ്ങിയതാണ് പഴക്കം ചെന്നെങ്കിലും പ്രൗഡിമങ്ങാത്ത ഈ ഇരുചക്രവാഹനങ്ങളിൽ പലതും.പഴയകാല വാഹനങ്ങളെ സ്വന്തമാക്കി ശേഖരിക്കുന്ന അനസ് അഭിനേതാവ് കൂടിയാണ്.ചില ഹൃസ്വ ചിത്രങ്ങളിലും സിനിമകളിലുമൊക്കെ ഈ ഹൈറേഞ്ച്കാരൻ മുഖം കാണിച്ച് കഴിഞ്ഞു.സിനിമാ ചിത്രീകരണ ആവശ്യങ്ങൾക്കായും അനസ് തന്റെ പഴയ വാഹനങ്ങൾ വിട്ട് നൽകാറുണ്ട്.