പാലാ: കൊവിഡ് പ്രതിരോധത്തിനായി ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന കർശന നിർദ്ദേശം നിലനിൽക്കെ അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങിയ 12 പേർക്കെതിരെ പാലാ പൊലീസ് കേസെടുത്തു. പാലാ ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രിൻസിപ്പൽ എസ്.ഐ ശ്യാംകുമാറും സംഘവുമാണ് വാഹന പരിശോധന നടത്തിയത്. ഈ 9 വരെ പാലാ സബ് ഡിവിഷനുകീഴിലെ വിവിധ കേന്ദ്രങ്ങളിൽ ഡിവൈ.എസ്.പിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ പൊലീസ് സംഘം വാഹന പരിശോധനയ്ക്കായി റോഡിലുണ്ടാവും. അനാവശ്യമായി വാഹനങ്ങളുമായി ആരും നിരത്തിലിറങ്ങരുതെന്ന് ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രൻ നിർദ്ദേശിച്ചു. നിയന്ത്രണങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ ആരെങ്കിലും പെരുമാറിയാൽ പൊലീസ് കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും ഡിവൈ.എസ്.പി മുന്നറിയിപ്പു നൽകി.