congress

കോട്ടയം: പിന്നാക്ക വിഭാഗത്തിൽ പെട്ടവരെ സ്ഥാനാർത്ഥികളാക്കാഞ്ഞത് കോട്ടയത്ത് യു.ഡി.എഫ് സീറ്റുകൾ നഷ്ടപ്പെടുത്തുകയും അതുവഴി ഇടതു മുന്നണി നേട്ടമുണ്ടാക്കുകയും ചെയ്തുവെന്ന കേരളകൗമുദി വാർത്തയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തി .ഈ നില തുടർന്നാൽ കോട്ടയത്ത് പിന്നാക്ക വിഭാഗക്കാർ കോൺഗ്രസിൽ നിന്നകലുന്ന ഗുരുതര സ്ഥിതി ഉണ്ടാകുമെന്നും കെ.പി.സി .സി എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ജി ശശിധരൻ, മോഹൻ ഡി ബാബു, കെ.പി.സി.സി സെക്രട്ടറി പി.എസ്. രഘുറാം , ഡി.സി.സി വൈസ് പ്രസിഡന്റ് ജി .ഗോപകുമാർ തുടങ്ങിയവർ മുന്നറിയിപ്പു നൽകി.

 എം.ജി.ശശിധരൻ

(കെ.പി .സി.സി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം)

പിന്നാക്ക വിഭാഗത്തിൽ പെട്ടവർ കൂടുതലുള്ള നിരവധി മണ്ഡലങ്ങൾ കോട്ടയത്ത് ഉണ്ടായിരുന്നു . സീറ്റ് കൊടുക്കാമെന്ന് നേതാക്കൾ പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്ക് ഉറപ്പു നൽകിയെങ്കിലും അവസാനം തഴഞ്ഞു. സി.പി.എം പരിഗണിച്ചു. അതിന്റെ നേട്ടം ഇടതു മുന്നണിക്കുണ്ടായി .ഇനിയെങ്കിലും അർഹമായ പരിഗണന പിന്നാക്ക വിഭാഗക്കാർക്ക് നൽകുന്നില്ലെങ്കിൽ പാർട്ടി ഇല്ലാതാകുമെന്ന് നേതാക്കൾ മനസിലാക്കണം. ഈ വിഷയം അടുത്ത കെ.പി.സി.സി എക്സിക്യൂട്ടീവിൽ ഉന്നയിക്കും.

 പി.എസ്.രഘുറാം

(കെ.പി.സി.സി സെക്രട്ടറി )

കോട്ടയത്തെ ഒമ്പതു സീറ്റിൽ വൈക്കം സംവരണം ഒഴിച്ച് എട്ടിൽ ഏഴുപേരും ക്രൈസ്തവ സ്ഥാനാർത്ഥികളായിരുന്നു. ഒരാൾ നായർ വിഭാഗത്തിൽ നിന്നും. ഏറ്റു മാനൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ പിന്നാക്കവിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ്. ഒരിടത്ത് പോലും പരിഗണിച്ചില്ല. പാർട്ടി തീരുമാനമെന്നു പറഞ്ഞു സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് നേതാക്കൾക്ക് താത്പര്യമുള്ളവരെ മാത്രമാണ് .അതിൽ പിന്നാക്കക്കാരെ സ്ഥിരമായി തഴയുന്നു. ഇതിന്റെ ഫലമാണ് കോൺഗ്രസിന് രണ്ട് സീറ്റ് മാത്രം കോട്ടയത്ത് ലഭിച്ചത്. ഏഴിൽ നിന്ന് നാലായി യു.ഡി.എഫ് സീറ്റ് കുറഞ്ഞത്.

 ജി.ഗോപകുമാർ

(ഡി.സി.സി വൈസ് പ്രസിഡന്റ്)

ഈഴവരും മറ്റു പിന്നാക്കവിഭാഗത്തിൽപെട്ടവരുമടക്കം 35 ശതമാനം വരുന്നവരെ വിശ്വാസത്തിലെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ പറഞ്ഞു. ഇവരെ മറന്നു കോൺഗ്രസ് സമ്പന്ന സമുദായത്തിനു പിറകേ പോയി. ഒരു സമുദായത്തെയും അവഗണിക്കാതെയും ആരെയും അമിതമായി പ്രീണിപ്പിക്കാതെയുമുള്ള നിലപാടാണ് നേതാക്കൾക്കുണ്ടാകേണ്ടത്. ഇടതു മുഖം കോൺഗ്രസ് തിരിച്ചറിയുന്നില്ലെങ്കിൽ ഇനിയും തിരിച്ചടി ഉണ്ടാവുമെന്നും ഗോപകുമാർ പറഞ്ഞു.