jos

പാലാ: ജോസ് കെ.മാണിയെ പിന്നിൽ നിന്ന് കുത്തിയതിലേറെയും ഇടത് മുന്നണി ഭരിക്കുന്ന 'സ്വന്തം പഞ്ചായത്തുകൾ.' ഇടത് മുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ട് പഞ്ചായത്തുകളിലും പാലാ നഗരസഭയിലും ആയിരങ്ങളാണ് തങ്ങളുടെ സ്വന്തം സ്ഥാനാർത്ഥി ജോസ് കെ. മാണിക്കെതിരെ വോട്ടുചെയ്തത്. ചതിയിൽ കടനാട് പഞ്ചായത്താണ് മുന്നിൽ. ഇവിടെ നിന്ന് മാത്രം 2615 വോട്ടിന്റെ ഭൂരിപക്ഷമാണ് കാപ്പന് ലഭിച്ചത്. പാലാ നിയോജകമണ്ഡലത്തിൽ മാണി സി.കാപ്പന് ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചതും ഇടത് മുന്നണി ഭരിക്കുന്ന കടനാട് പഞ്ചായത്തിൽ നിന്നാണ് . ജോസിന് പണികൊടുക്കുന്ന കാര്യത്തിൽ മീനച്ചിലും മോശമായില്ല. ഇവിടെ കാപ്പന് 1113 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. ഇതിനായി ഇടത് ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയിലെ ചില ഉന്നതർ ഒളിപ്രവർത്തനം നടത്തിയെന്നാണ് ആരോപണം. പാലാ നഗരസഭയിൽ 1770 വോട്ടിന്റെ മിന്നുന്ന ഭൂരിപക്ഷവും മാണി സി.കാപ്പന് സ്വന്തമായി. ഇടത് മുന്നണി ഭരിക്കുന്ന കൊഴുവനാൽ പഞ്ചായത്തിൽ 455 വോട്ടിന്റേയും തലനാട് പഞ്ചായത്തിൽ 311 വോട്ടിന്റെയും എലിക്കുളം പഞ്ചായത്തിൽ 860 വോട്ടിന്റെയും കരൂർ പഞ്ചായത്തിൽ 299 വോട്ടിന്റേയും ഭൂരിപക്ഷം കാപ്പൻ കൈപ്പിടിയിലൊതുക്കി. ഇടത് മുന്നണിയുടെ ഭരണത്തിൻകീഴിലുള്ള പഞ്ചായത്തുകളിലും പാലാ നഗരസഭയിലുമാണ് ജോസ് കെ.മാണിയെ ശത്രുപക്ഷത്ത് നിർത്തുന്നവരിൽ കൂടുതൽ പേരുള്ളത് എന്നത് വരും നാളുകളിൽ ഇടത് മുന്നണി നേതൃത്വത്തിന് തന്നെ തലവേദനയാകുമെന്ന കാര്യത്തിൽ സംശയമില്ല. മുത്തോലി പഞ്ചായത്തിൽ മാത്രമാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ജോസ് കെ.മാണിയെ പിന്തുണച്ചത്. ഇവിടെനിന്ന് 263 വോട്ടിന്റെ ഭൂരിപക്ഷമാണ് ജോസിന് കിട്ടിയത്.