കോട്ടയം: രണ്ടാം കൊവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ പച്ചക്കറി മാർക്കറ്റിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. പച്ചക്കറി മാർക്കറ്റിൽ നിരവധി അന്യസംസ്ഥാന വാഹനങ്ങൾ പച്ചക്കറികളും, പലചരക്ക് ഉത്പന്നങ്ങളുമായി എത്തുന്നുണ്ട്. ഈ വാഹനങ്ങൾക്കാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പല വാഹനങ്ങളും ഇപ്പോൾ അണുനശീകരണം പോലും നടത്താതെയാണ് മാർക്കറ്റിലേയ്ക്ക് എത്തുന്നത്. ഈ സാഹചര്യത്തിൽ മാർക്കറ്റിലേയ്ക്ക് വാഹനങ്ങൾ എത്തുന്നതിനു മുൻപ് അണുനശീകരണം നടത്തുന്നതിന് വേണ്ട നടപടികൾ നഗരസഭ അധികൃതർ ആരംഭിച്ചു. വാഹനങ്ങൾ കോടിമത എം.ജി റോഡിൽ ബാരിക്കേഡ് ഉയർത്തി തടയും. തുടർന്നു ഇവിടെ വാഹനങ്ങൾ അണുനശീകരണം നടത്തും. ഇതിനു ശേഷം എം.ജി റോഡിലൂടെ മാത്രമാവും വാഹനങ്ങളെ പ്രവേശിപ്പിക്കുക. തിരികെ ചന്തക്കവലയിലൂടെ വേണം വാഹനങ്ങൾ പുറത്തേയ്ക്കു പോകാൻ. വാഹനങ്ങൾ ഇതുവഴി മാർക്കറ്റിലേയ്ക്കു പ്രവേശിക്കുന്നില്ലെന്ന് പൊലീസ് സഹായത്തോടെ ഉറപ്പാക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാര വ്യവസായി സമിതി എന്നീ സംഘടനകളുടെ സഹായത്തോടെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.