കട്ടപ്പന: കട്ടപ്പന നഗരസഭ ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് 12 ന് രാവിലെ 11ന് നടക്കും. ജോയി വെട്ടിക്കുഴി രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എ ഗ്രൂപ്പിൽ നിന്നുള്ള കൗൺസിലർമാരായ സിബി പാറപ്പായി, ജോയി ആനിത്തോട്ടം എന്നിവരാണ് പരിഗണനയിലുള്ളത്. കോൺഗ്രസിലെ ധാരണപ്രകാരം ആദ്യത്തെ 3 വർഷം എ ഗ്രൂപ്പിനാണ് ഉപാദ്ധ്യക്ഷൻ സ്ഥാനം. കോൺഗ്രസിലെ ഭിന്നതയെ തുടർന്നാണ് ജോയി വെട്ടിക്കുഴി രാജിവച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് രണ്ടര വർഷക്കാലം പദവിയിൽ തുടരാം. അവസാനത്തെ രണ്ടുവർഷം എ ഗ്രൂപ്പിലെ ജോണി കുളംപള്ളി ഉപാദ്ധ്യക്ഷനാകും.
നഗരസഭാദ്ധ്യക്ഷ പദവി ഐ ഗ്രൂപ്പിന് മൂന്നുവർഷവും എ ഗ്രൂപ്പിന് രണ്ടുവർഷവുമാണ്. നിലവിലെ അദ്ധ്യക്ഷ ബീന ജോബിയുടെ ഭരണ കാലയളവ് ഒന്നര വർഷമാണ്. ഇതിന് ശേഷമുള്ള ഒന്നര വർഷം ഷൈനി സണ്ണിക്ക് ലഭിക്കും. അവസാനത്തെ രണ്ടുവർഷം എ ഗ്രൂപ്പിലെ ബീന ടോമി അദ്ധ്യക്ഷയാകും. മൂന്നാർ ഭൂമിപതിവ് ഡെപ്യൂട്ടി കളക്ടർ അലക്‌സ് മാത്യുവാണ് വരണാധികാരി.