rd

മണർകാട്: റോഡ് ഉയർത്തുന്നതിനായി പൊളിച്ചു. യാത്രക്കാരെ ഇരട്ടി ദുരിതത്തിലാക്കി വെയിലാണേൽ പൊടി, മഴയാണേൽ ചെളിക്കുഴിയും. മാലം പാലം റോഡിലാണ് ഈ ദുരിതം. വെള്ളം പൊങ്ങുന്ന സമയത്ത് ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്. വെള്ളപ്പൊക്ക സമയത്ത് താഴ്ന്നു കിടക്കുന്ന ഈ ഭാഗം പൂർണ്ണമായും വെള്ളത്തിനടയിലാകാറുണ്ട്. അതിനാൽ, ചെറുതും വലുതുമായ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെയും ബസ് സർവ്വീസ് നിർത്തിവെയ്‌ക്കേണ്ടി വരികയും റോഡ് അടച്ചിടേണ്ടതായും വരുന്നു. പള്ളിക്കത്തോട്, കിടങ്ങൂർ, പാലാ, തിരുവഞ്ചൂർ, ഏറ്റുമാനൂർ, മറ്റക്കര എന്നിവിടങ്ങളിലേയ്ക്ക് പോകുന്നത് ഇതിലൂടെയാണ്. വെള്ളപ്പൊക്ക സമയത്തെ ദുരിതം ഒഴിവാക്കുന്നതിനായാണ് റോഡ് ഉയർത്തി നിർമ്മിയ്ക്കുന്നത്. ഇതിന്റെ ഭാഗമായി റോഡ് ടാറിംഗ് പൊളിക്കുകയും മണ്ണിട്ട് ഉറപ്പിക്കുന്ന ജോലിയും നടന്നു. നിർമ്മാണം പൂർത്തിയാകുന്നതിന് കാലതാമസം എടുക്കേണ്ടി വരുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മണ്ണിട്ട റോഡിൽ വെയിൽ ഉള്ള സമയത്ത് രൂക്ഷമായ പൊടിശല്യം ദുരിതം സൃഷ്ടിക്കുന്നു. ഉച്ചക്കഴിഞ്ഞുള്ള വേനൽമഴയിൽ പ്രദേശം ചെളിക്കുഴിയായി മാറുന്നു. ഇത് കാൽ നടയാത്രക്കാരെയും ഇരുചക്രവാഹനയാത്രികരെയും അപകടപ്പെടുത്തുന്നതിനും ഇടായക്കുന്നു. കൂടാതെ, വാഹനങ്ങൾ കടന്നുപോകുന്നതിന് സമയം എടുക്കുന്നതിനാൽ, ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. അതിനാൽ, റോഡിന്റെ നിർമ്മാണം അതിവേഗം പൂർത്തിയാക്കി യാത്രക്കാരുടെയും കാൽനടയാത്രികരുടെയും ദുരിതം ഒഴിവാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൂടാതെ, സമീപത്തെ തകർന്നു കിടക്കുന്ന പാലത്തിന്റെ കൈവരി പുനർനിർമ്മിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.