കാഞ്ഞിരപ്പള്ളി : ജീവനക്കാരിൽ ഭൂരിഭാഗം പേരും കൊവിഡ് ബാധിതരായതിനെത്തുടർന്ന് സ്തംഭനാവസ്ഥയിലായ കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ പ്രവർത്തനം പുന:രാരംഭിച്ചു. 45 ജീവനക്കാരിൽ 38 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് ഫയര്‍സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നഗരത്തിലെ സ്വകാര്യ സ്‌കൂളിലേക്കു മാറ്റിയിരുന്നു കാഞ്ഞിരപ്പള്ളിയിലെ കൊവിഡ് നെഗറ്റീവ് ആയവരും പാലാ, ഈരാറ്റുപേട്ട സ്റ്റേഷനിലെ ജീവനക്കാരും കൂടിയായിരുന്നു സ്റ്റേഷന്റെ പ്രവർത്തനം നടത്തി വന്നിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ 34 പേർക്ക് കൊവിഡ് നെഗറ്റീവായിരുന്നു.നഗരത്തിലെ ഒരു സ്വകാര്യ കമ്പനി സ്റ്റേഷനിൽ സൗജന്യമായി അണുനശീകരണം നടത്തിയ ശേഷം പ്രവർത്തനം പഴയ സ്റ്റേഷനിലേക്ക് മാറ്റി. ഇനി മുതൽ 12 പേർ വീതം അടങ്ങുന്ന സംഘം മൂന്നു ബാച്ചുകളായി തിരിഞ്ഞ് 6 ദിവസം വീതം ജോലി ചെയ്യും.