പാലാ : ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ഭരണങ്ങാനം ഇടപ്പാടി കുന്നേമുറി പാലത്തിന് സമീപം റോഡിൽ ഒറ്റമഴയിൽ വെള്ളക്കെട്ട്. ഇതോടെ ഇരുചക്ര വാഹനമുൾപ്പെടെ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. മഴ ശമിച്ചാലും മണിക്കൂറുകളോളം റോഡിൽ വെള്ളം നിറഞ്ഞു നിൽക്കുകയാണ്. വഴി മുൻപരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നു. വെള്ളം ഇറങ്ങിയതിന് ശേഷമുള്ള ചെളിയിൽ തെന്നിവീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് അറ്റകുറ്റപണികൾ നടത്തിയില്ലെങ്കിൽ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ചൂണ്ടിക്കാട്ടി.

കാരണം ഓടകളില്ലാത്തത്

റോഡിനിരുവശവും ആഴത്തിൽ ഓടകൾ തീർത്ത് ഇടപ്പാടി കുന്നേമുറി തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനാവശ്യമായ നിർമ്മാണമാണ് അടിയന്തിരമായി നടത്തേണ്ടത്. മഴക്കാലത്തിനു ശേഷം കോൺക്രീറ്റ് ഓടകൾ തീർത്ത് സ്ലാബിട്ടു മൂടി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഗവൺമെന്റിന് സമർപ്പിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടതായും ജില്ലാ പഞ്ചായത്തംഗം പറഞ്ഞു. എന്നാൽ കൊവിഡിന്റെ രൂക്ഷത കുറയാതെ ഒരു പണിയും നടത്താനാവില്ലെന്ന നിലപാടിലാണ് പി.ഡബ്ല്യു.ഡി.