പാലാ : പാലാ ബ്ലഡ് ഫോറത്തിന്റെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ കൊവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുന്നതിനായി വാക്‌സിന് മുമ്പ് രക്തദാനം ചലഞ്ച് ഏറ്റെടുത്ത് യുവജനങ്ങൾ. പാലാ കിസ്‌കോമരിയൻ ബ്ലഡ് ബാങ്കിൽ അരുവിക്കുഴി പുലുമ്പേൽതകിടിയിൽ വീട്ടിലെ സഹോദരങ്ങളായ കെവിന്റെയും കെൽവിന്റെയും രക്തദാനത്തോടെ ചലഞ്ച് ആരംഭിച്ചു. വരും ദിവസങ്ങളിലും ക്യാമ്പുകൾ തുടരും. കൂടുതൽ ആളുകൾ ചലഞ്ച് ഏറ്റെടുത്ത് മുൻപോട്ട് വന്നില്ലെങ്കിൽ ആവശ്യത്തിന് രക്തം കിട്ടാൻ കഴിയാതെ സങ്കീർണാവസ്ഥയിലേക്ക് പോകുമെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു. പാലാ ജനമൈത്രി സി.ആർ.ഒ എ.ടി.ഷാജിമോൻ, ബീറ്റ് ഓഫീസർ പ്രഭു കെ ശിവറാം, സിസ്റ്റർ ബെൻസിറ്റാ, മേരിക്കുട്ടി തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
ആക്‌സിഡന്റ് കേസിലും ബൈപ്പാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് ഇപ്പോൾ. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലധികമായി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് പാലാ ബ്ലഡ് ഫോറം. 30 ശതമാനം ആളുകളെപ്പോലും സഹായിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഫോറമെന്ന് ഭാരവാഹികൾ പറഞ്ഞു.

ആർക്കൊക്കെ ദാനം ചെയ്യാം
18 നും 60 വയസിനും ഇടയിലുള്ള 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും രക്തം ദാനം ചെയ്യാം. 3 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാൻ സാധിക്കും. രക്തം ദാനം ചെയ്യാൻ തയ്യാറായിട്ടുള്ളവർക്ക് വേണ്ട ക്രമീകരണങ്ങളും യാത്രാ സൗകര്യങ്ങളും ചെയ്തു കൊടുക്കും. ഫോൺ : 9447043388, 7907173944.