കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇടതുമന്ത്രിസഭയിൽ കേരള കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് പൂഞ്ഞാറിലെ നിയുക്ത എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പ്രസ്‌ക്ലബിൽ നടന്ന മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം കേരള കോൺഗ്രസുകൾ ഒന്നിച്ചു മത്സരിച്ചപ്പോൾ ആറു സീറ്റാണ് ലഭിച്ചത്. ഇത്തവണ ചിലരൊക്കെ പിരിഞ്ഞു പോയിട്ടും അഞ്ചു സീറ്റുകൾ നിലനിറുത്താനായി. മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ചു വ്യക്തമായ തീരുമാനം ഇനിയും എടുത്തിട്ടില്ല. ഉചിതമായ വേദിയിൽ ചർച്ച ചെയ്ത് പാർട്ടി നേതൃത്വവും ഇടതുമുന്നണിയും വ്യക്തമായ തീരുമാനം എടുക്കും. കഴിഞ്ഞ കുറേ കാലങ്ങളായി പൂഞ്ഞാർ ജനത കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുമ്പിൽ അപമാനിതരാകുന്ന സാഹചര്യം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. പൂഞ്ഞാർ, സാംസ്കാരിക അധ:പതനത്തിന്റെയും, മൂല്യച്യുതിയുടെയും, നിലവാര തകർച്ചയുടെയും പ്രതീകമായി ചിത്രീകരിക്കപ്പെട്ടിരുന്നു. പൂഞ്ഞാർ ജനതയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കും. വികസന കാഴ്ചപ്പാട് മുൻനിറുത്തി എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകുന്നതിന് പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യമിടുന്ന പദ്ധതികൾ
ഈരാറ്റുപേട്ട കുടുബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്‌സിനേഷൻ
ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമ്മാണം
മുണ്ടക്കയം ശുദ്ധജലവിതരണ പദ്ധതി വിപുലീകരണം
എരുമേലി സൗത്ത് വാട്ടർ സപ്ലൈ സ്‌കീം പൂർത്തീകരിക്കൽ
തിടനാട് - ഭരണങ്ങാനം റോഡ് പുനരുദ്ധാരണം
എരുമേലി ഫയർ സ്റ്റേഷൻ സ്ഥാപിക്കൽ
മുണ്ടക്കയം സബ് ട്രഷറി നിർമ്മാണം
ഭവനരഹിതരായ ആളുകൾക്ക് വീട്