a

കുമരകം : മാർച്ച് 15ന് തുറക്കേണ്ടിയിരുന്ന തണ്ണീർമുക്കം ബണ്ട് തുറക്കാത്തതിനാൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ശേഷം പാടശേഖരങ്ങളിൽ മടമുറിച്ച് വെള്ളം കയറ്റിയതോടെ പാടങ്ങളുടെ ഉള്ളിൽ വട്ടത്തുരുത്തുകളിൽ വെള്ളം കയറിയത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇടക്കിടെ പെയ്യുന്ന ശക്തമായ വേനൽമഴയുടെ വെള്ളം തണ്ണീർമുക്കം ബണ്ട് അടച്ചിട്ടിരിക്കുന്നതിനാൽ കടലിലേക്ക് ഒഴുകി മാറാത്തതാണ് വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം. കുമരകം ,തിരുവാർപ്പ് ,അയ്മനം, ആർപ്പൂക്കര തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതൽ ദുരിതം. വാഴ, കപ്പ ,പച്ചക്കറി ഉൾപ്പടെയുള്ള കൃഷികളെല്ലാം നശിച്ചു. പുരയിടത്തിലും ഉൾവഴികളിലും വെള്ളം കയറിയതോടെ അത്യാവശ്യ സാധനങ്ങൾ എത്തിക്കാൻ പോലും കഴിയാനാകാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

വർഷ കൃഷിയും പ്രതിസന്ധിയിൽ

വർഷ കൃഷി ഇറക്കുന്ന പാടശേഖരങ്ങളിലെ വെള്ളം മോട്ടോർ പ്രവർത്തിപ്പിച്ച് വറ്റിക്കാൻ തുടങ്ങാത്തതും പാടശേഖരങ്ങളുടെ പുറം ബണ്ടിലും ഉള്ളിലെ തുരുത്തുകളിലും താമസിക്കുന്നവർക്കും ഇരുട്ടടിയായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം പമ്പിംഗ് ലേലം നടക്കാതിരുന്നതിനാലാണ് വർഷ കൃഷി വൈകുന്നത്. കാലാവസ്ഥ വ്യതിയാനവും വെള്ളപ്പൊക്കവും മൂലം പുഞ്ചകൃഷിയുടെ വിളവെടുപ്പും സംഭരണവും കുട്ടനാടൻ പ്രദേശങ്ങളിൽ പൂർത്തിയാകാത്തതും ഓരുമുട്ടുകളുടെ നിർമ്മാണം വൈകിയതുമാണ് ബണ്ട് തുറക്കാൻ താമസം.