ഏലയ്ക്ക വില 750 മുതൽ 850 രൂപ വരെ
കട്ടപ്പന: ഏലയ്ക്ക വില കൂപ്പുകുത്തിയിട്ടും തോട്ടങ്ങളിൽ അടുത്ത സീസണിന് മുന്നോടിയായുള്ള ജോലികൾ തകൃതിയായി നടക്കുന്നു. ജൂൺ ജൂലായ് മാസങ്ങളിലാണ് അടുത്ത സീസൺ ആരംഭിക്കുന്നത്. ഇപ്പോൾ കവാത്ത് ഉൾപ്പെടെയുള്ള ജോലികളാണ് നടക്കുന്നത്. പാസ് എടുത്ത് തമിഴ്‌നാട്ടിൽ നിന്ന് തൊഴിലാളികളും എത്തുന്നുണ്ട്. വിളവെടുപ്പ് സമയത്ത് ജോലി ചെയ്തിരുന്ന അത്രയും തൊഴിലാളികൾ ഇപ്പോൾ ആവശ്യമില്ല.
കവാത്ത് (ചെടി ഒരുക്കൽ), വളമിടീൽ, കീടനാശിനി തളിക്കൽ, ചുവടിളക്കൽ ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഏലച്ചെടികൾ നന്നായി വളരാനും കൂടുതൽ വിളവ് ലഭിക്കാനും നടത്തുന്ന ചെടി ഒരുക്കുകയാണ്. ചെടിയുടെ ഉണങ്ങിയ തണ്ടുകളും ഇലകളും വെട്ടിക്കളഞ്ഞ് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാൻ സൗകര്യമൊരുക്കും. രോഗകീട ബാധ തടയാനാണിത്.
കൊവിഡ് രണ്ടാം തരംഗത്തിൽ ആഭ്യന്തര വിപണി സ്തംഭിച്ചതോടെ ഏലയ്ക്ക വില കുത്തനെ ഇടിയുകയാണ്. രണ്ടര വർഷത്തിന് ശേഷം സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ശരാശരി വില മൂന്നക്കത്തിലെത്തി. സെമി ലോക്ക്ഡൗൺ ആരംഭിച്ചതോടെ ലേലം താത്കാലികമായി നിർത്തിയിരിക്കുകയാണ്. ഒടുവിൽ കഴിഞ്ഞ 1ന് നടന്ന കാർഡമം ഗ്രോവേഴ്‌സിന്റെ ലേലത്തിൽ ശരാശരി വില 861.02 രൂപയിലെത്തി. കമ്പോളങ്ങളിൽ 750 മുതൽ 850 രൂപ വരെയാണ് വില. ഇരിപ്പുകായയ്ക്ക് മാത്രമാണ് 900 രൂപയ്ക്ക് മുകളിൽ വിലയുള്ളത്. സ്‌പൈസസ് ബോർഡിന്റെ രണ്ട് ഇ -ലേലങ്ങളിലായി പ്രതിദിനം ഒന്നേകാൽ ലക്ഷത്തോളം കിലോഗ്രാം ഏലയ്ക്കയാണ് വിൽപ്പനയ്ക്ക് എത്തിയിരുന്നത്. അടുത്ത സീസണിന് മുന്നോടിയായി കർഷകർ മുഴുവൻ ഉത്പ്പന്നവും വിറ്റഴിക്കുകയാണ്. ലോക്ക് ഡൗണിൽ ഉൾപ്പെടെ രണ്ട് സീസണുകളിലായി വിളവെടുത്ത ഏലയ്ക്ക വൻതോതിൽ കർഷകരും വ്യാപാരികളും സംഭരിച്ചിരുന്നു. മുൻവർഷങ്ങളിലേതുപോലെ വില ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് ഇപ്പോഴത്തെ തകർച്ച ഇരുട്ടടിയാണ് സമ്മാനിച്ചത്.