കോട്ടയം : നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ശുദ്ധജല വിതരണ സംവിധാനത്തിൽ ഓരുവെള്ളം കയറുന്നത് തടയുന്നതിനായി മീനച്ചിലാറ്റിൽ സ്ഥിരം സംവിധാനം ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്ന് വി.എൻ. വാസവൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിർമ്മിച്ച തടയണ തകർന്ന താഴത്തങ്ങാടി കുളപ്പുരകടവ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ഇത്തരത്തിൽ തടയണകൾ നിർമ്മിക്കുന്നുണ്ട്, അത് തകർന്നു പോവുകയോ തകർത്തു കളയുകയോ ആണ് പതിവ്. ശുദ്ധജലവിതരണത്തിൽ ഓരുകലരുന്നത് തടയുന്നതിന് വേണ്ടിയാണ് നിർമ്മാണം. എല്ലാ വർഷവും ഇത്തരത്തിൽ താത്കാലിക തടയണകൾ നിർമ്മിക്കുന്നതിന് പകരം സ്ഥിരം സംവിധാനം ശാസ്ത്രീയമായി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കും. ഇക്കാര്യം മേജർ ഇറിഗേഷൻ വകുപ്പിലെ എൻജിനയർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ടർ അതോറട്ടിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം രണ്ട് വിഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.