പാലാ : നിനച്ചിരിക്കാതെ പരാജയം ഏറ്റുവാങ്ങിയെങ്കിലും ജോസ് കെ.മാണിയുടെ കരിങ്ങോഴയ്ക്കൽ വീട്ടിൽ ഇപ്പോഴും തിരക്കൊഴിയുന്നില്ല. ആശ്വാസവാക്കുകളുമായി പാലാ നിയോജകമണ്ഡലത്തിൽ നിന്നും പുറത്തുനിന്നുമായി എത്തുന്ന നേതാക്കളും പ്രവർത്തകരും. ഒപ്പം വിവിധ മണ്ഡലങ്ങളിൽ നിന്ന് വിജയശ്രീലാളിതരായി എത്തുന്ന പാർട്ടിയുടെ നിയുക്തഎം.എൽ.എമാർ. എല്ലാവരേയും സ്വീകരിച്ചും സഹകരണങ്ങൾക്ക് നന്ദി പറഞ്ഞും ഗൃഹനാഥനായി പാർട്ടി ചെയർമാൻ ജോസ് കെ.മാണി. ഇതോടൊപ്പം വിവിധ ആവശ്യങ്ങൾക്ക് പരിഹാരം തേടിയെത്തുന്ന ആളുകൾ കൂടിയാവുമ്പോൾ കരിങ്ങോഴയ്ക്കൽ വീട് മുമ്പത്തേപ്പോലെ ശബ്ദമുഖരിതമാവും. അഞ്ച് എം.എൽ.എമാരുമായി സംസ്ഥാന ഭരണത്തിലേക്ക് കടന്നുവന്ന കേരള കോൺഗ്രസിന്റെ അമരക്കാരൻ ഇപ്പോഴും കരുത്തനാണ്. കനത്ത തോൽവിയിലും ജയം നിറഞ്ഞ മുഖഭാവങ്ങളോടെ എല്ലാവരേയും സ്വീകരിച്ചും നന്ദിപറഞ്ഞും ഓടിനടക്കുകയാണ് ജോസ്. ക്യാബിനറ്റ് റാങ്കോടെയുള്ള പദവി, രാജ്യസഭാ എം.പി സ്ഥാനം ഇവയിലേതെങ്കിലുമൊന്ന് തങ്ങളുടെ നേതാവിന് കിട്ടുമെന്ന് പ്രവർത്തകരും നേതാക്കളും ഉറച്ച് വിശ്വസിക്കുന്നു. ഇടത് മുന്നണിയുടെ സ്വന്തം പഞ്ചായത്തുകളിൽ പോലും ദയനീയ പരാജയം സംഭവിച്ചിട്ടും ഒപ്പമുള്ളവരെക്കുറിച്ച് ഒരുവാക്കുപോലും മറുത്തുപറയാൻ ജോസ് തയ്യാറായിട്ടില്ല.