ചങ്ങനാശേരി: മറാഠ സംവരണം അസാധുവാക്കിയ സുപ്രീംകോടതി വിധി മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഈ കേസിൽ മഹാരാഷ്ട്ര സർക്കാർ മറാഠ സമുദായത്തിന് പിന്നാക്ക സംവരണം നൽകിയതാണ് ചോദ്യം ചെയ്തത്. ഈ വിധിയെ സംബന്ധിച്ച് ഉയരുന്ന അഭിപ്രായങ്ങൾ മുന്നാക്കത്തിലെ പിന്നാക്ക സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ ഉള്ളതാണ്.

ഇന്ദിരാസാഹ്നി കേസിൽ സുപ്രീംകോടതിയുടെ 11 അംഗ ബഞ്ച് വിലയിരുത്തിയത്, ഭരണഘടന അനുഛേദം 16(4) പ്രകാരം സംവരണം 50 ശതമാനം ആയി നിജപ്പെടുത്തണമെന്ന 1963ലെ എം.ആർ. ബാലാജി vs മൈസൂർ എന്ന കേസിലെ വിധി തുടരണോ വേണ്ടയോ എന്നതാണ്. വിധി പുനഃപരിശോധിക്കേണ്ടെന്നും സംവരണം 50 ശതമാനത്തിൽ കൂടരുതെന്നും ഇന്ദിരാസാഹ്നി കേസിൽ സുപ്രീംകോടതി അസന്ദിഗ്ദ്ധമായി പറഞ്ഞു. ഇന്ദിരാസാഹ്നി കേസിൽ പ്രഖ്യാപിച്ച 50 ശതമാനം എന്ന സംവരണത്തോത് അതേപടി തുടരണോ വേണ്ടയോ എന്നാണ് മറാഠ കേസിൽ ഭരണഘടനാബഞ്ച് പരിശോധിച്ചത്. സംവരണം 50 ശതമാനത്തിൽ കൂടരുതെന്നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്നാക്കത്തിലെ പിന്നാക്ക സംവരണം 103ാം ഭരണഘടനാഭേദഗതി പ്രകാരം 15(6),​ 16(6) അനുഛേദങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ അനുഛേദങ്ങൾ മറാഠകേസിൽ പരാമർശ വിധേയമായിട്ടില്ല. 103ാം ഭരണഘടനാഭേദഗതിയെ ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി സ്റ്റേ അനുവദിക്കാതെ നിരാകരിച്ചിട്ടുള്ളതും ആ കേസ് ഇപ്പോൾ ഭരണഘടനാബഞ്ചിനു മുന്നിലാണെന്നും സുകുമാരൻ നായർ പറഞ്ഞു.