ചങ്ങനാശേരി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മാടപ്പളളി കാർമൽ യു.പി സ്‌കൂളിൽ സി.എഫ്.എൽ.ടി.സിയുടെ പ്രവർത്തനം നാളെ (ശനി) ആരംഭിക്കും. നിയുക്ത എം.എൽ.എ അഡ്വ.ജോബ് മൈക്കിളിന്റെ നേതൃത്വത്തിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ആരോഗ്യ പ്രവർത്തകരുടേയും നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ശനിയാഴ്ച മുതൽ സി.എഫ്.എൽ.ടി.സി യുടെ പ്രവർത്തനം ആരംഭിക്കുന്നതിന് തീരുമാനമായത്. കൊവിഡ് വ്യാപനം അതി തീവ്രമാവുകയാണന്നും അടിയന്തരമായി സി.എഫ്.എൽ.ടി.സി യുടെ പ്രവർത്തനം ആരംഭിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആംബുലൻസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സഹായിക്കും. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും, കൊവിഡ് ബാധിതർക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.സ്‌കൂളിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 100 ബെഡ്ഡുകൾ ക്രമീകരിച്ചിട്ടുണ്ട്. സെന്റർ പ്രവർത്തിക്കുന്നതിനുള്ള എല്ലാ സജ്ജീകരണവും ഏകദേശം ക്രമീകരിച്ചു കഴിഞ്ഞു. മാലിന്യ നിർമ്മാർജ്ജനം, മരുന്നുകളുടെ ലഭ്യത , രണ്ട് ഡോക്ടർമാർ, നാല് നേഴ്‌സുമാർ, ക്ലീനിംഗ് ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ആരോഗ്യ പ്രവർത്തകരും കാർമ്മൽ സ്‌കൂളിലെത്തി അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി.