ഇടുക്കി: കൃഷിച്ചെലവും വിലയിടിവും പൈനാപ്പിൾ കർഷകരെ കടക്കെണിയിലാക്കി. വ്യാപാരികൾ എത്താതായതോടെ കർഷകർ തന്നെ വിൽപ്പനയുമാരംഭിച്ചു. 40 രൂപ വരെ വില ലഭിച്ചിരുന്ന പൈനാപ്പിളിന് ഇപ്പോൾ ലഭിക്കുന്നത് 25 രൂപ മാത്രം. അതും നല്ല വലിപ്പവും ഭംഗിയുമുള്ളതിന് മാത്രമാണ് കിലോക്ക് 25 രൂപ ലഭിക്കുന്നത്.
കടുത്ത പ്രതിസന്ധിക്കിടയിലും 30 രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാണ് പൈനാപ്പിൾ ഉത്പാദിപ്പിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. പൈനാപ്പിളിന് പൊതുവെ വില ഇടിഞ്ഞതോടെ പുറമേ നിന്നുള്ള വ്യാപാരികൾ എത്താത്തതും സമയബന്ധിതമായി വിൽപന നടത്താൻ കഴിയാത്തതും കർഷകർക്ക് പ്രതിസന്ധിയായി. പൈനാപ്പിൾ വിപണനം പ്രതിസന്ധിയായതോടെ കർഷകർ തന്നെ വഴിയോരങ്ങളിൽ ഇറങ്ങി സ്വന്തമായി വിൽപ്പനയാരംഭിച്ചു.
കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ വന്നതോടെ വഴിയാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. വിവാഹമുൾപ്പെടെയുള്ള ആഘോഷങ്ങളില്ലാത്തതും, വിനോദ സഞ്ചാരികളെത്താത്തതും വിപണിയിൽ കൈതച്ചക്കയ്ക്ക് മാർക്കറ്റില്ലാതെയായി.
30 രൂപയിലധികം ഉത്പ്പാദന ചെലവു വരുന്ന പൈനാപ്പിൾ കിലോക്ക് 20 രൂപക്കാണ് ഇപ്പോൾ ഇവർ വഴിയോരത്ത് വിറ്റഴിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വൻ തുക വായ്പയെടുത്ത് കൃഷിയിറക്കിയ പൈനാപ്പിൾ കർഷകർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇനിയും സർക്കാരിൽ നിന്നുള്ള സഹായങ്ങൾ മാത്രമാണ് പ്രതീക്ഷ. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്തു കൊണ്ടിരുന്ന കൈതച്ചക്കകൾ കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കയറിപോകുന്നില്ല. ഇതും കൂടുതൽ പ്രതിസന്ധിക്ക് കാരണമായി.