കോട്ടയം: കൊവിഡ് വ്യാപനം മൂലം കുറവിലങ്ങാട്ടെ കേരള സയൻസ് സിറ്റിയിലേക്കുള്ള ഉപകരണങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് എത്താൻ താമസിക്കും. ഇതോടെ ആഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന സയൻസ് സിറ്റിയുടെ ഉദ്ഘാടനം നീളും. ഈ വർഷം ആഗസ്റ്റിൽ സയൻസ് സിറ്റി നാടിന് സമർപ്പിക്കാനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് കൊവിഡ് നിയന്ത്രണങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സയൻസ് സിറ്റിയുടെ പ്രധാന ആകർഷണകേന്ദ്രമായ സയൻസ് സെന്ററിലേക്ക് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ നാളുകളിൽ വിവിധ ഉപകരണങ്ങൾ എത്തിയിരുന്നു. മുംബൈയിൽ നിന്ന് ഇനിയും ഉപകണങ്ങൾ ഇവിടേക്ക് എത്തേണ്ടതുണ്ട്. പ്ലാനറ്റോറിയം, മോഷൻ സ്റ്റിമുലേറ്റർ എന്നിവിടങ്ങളിലേയ്ക്കുള്ള ഉപകരണങ്ങളടക്കം എത്തിക്കുന്നതിൽ കാലതാമസമുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്ലാനറ്റോറിയത്തിലേക്കുള്ള ഉപകരണങ്ങൾ ജർമനിയിൽ നിന്നാണ് എത്തേണ്ടത്. ഇത് എത്തിക്കുന്നതിലടക്കം രാജ്യാന്തര തലത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഉപകരണങ്ങൾ എത്തിക്കുന്നതിനൊപ്പം അതത് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും എത്തേണ്ടതുണ്ട്. വിദേശങ്ങളിൽ നിന്ന് എത്തിക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കുന്നതടക്കമാണ് കരാർ നൽകിയിട്ടുള്ളത്. പ്ലാനറ്റോറിയത്തിൽ മാത്രം 15 കോടി രൂപയുടെ ഉപകരണങ്ങളാണ് എത്താനുള്ളത്. ത്രി ഡി തിയേറ്റടക്കം ക്രമീകരിക്കാനും ഉപകരണങ്ങൾ എത്തണം. ഇതിനിടയിൽ പ്ലാനറ്റോറിയത്തിന്റെ മൈക്രോ കോൺക്രീറ്റിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾക്കായി ശാസ്ത്രസാങ്കേതിക മ്യൂസിയം ഗവേണിംഗ് സമിതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ചുറ്റുമതിൽ, എൻട്രസിൻസ് പ്ലാസ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.